നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാജ്കുമാറിന്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ടു

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാജ്കുമാറിന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. നീതി ലഭിച്ചില്ലെങ്കിൽ ബുധനാഴ്ച മുതൽ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും ഇവർ വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് പുറമേ പ്രതിപക്ഷ നേതാവ്, സ്പീക്കർ, ഡിജിപി എന്നിവരെ കണ്ടും രാജ്കുമാറിന്റെ കുടുംബം നിവേദനം നൽകി. പ്രധാനമായും നാല് ആവശ്യങ്ങളാണ് ഇവർ മുന്നോട്ടു വെച്ചിട്ടുളളത്.
രാജ്കുമാറിന്റെ കസ്റ്റഡിമരണത്തിൽ സിബിഐ അന്വേഷണം നടത്തുക, എസ്പി ഉൾപ്പെടെ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക, കുടുംബത്തിന് ഒരുകോടി നഷ്ടപരിഹാരം നൽകുക, കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി എന്നിവയാണ് ഇവർ മുന്നോട്ടുവെച്ചിരിക്കുന്ന ആവശ്യങ്ങൾ. മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ചയിൽ തൃപ്തരാണെന്നും അതേസമയം ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും കുടുംബം വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here