കുശാൽ പെരേരയ്ക്കും അവിഷ്ക ഫെർണാണ്ടോയ്ക്കും അർദ്ധസെഞ്ചുറി; ശ്രീലങ്ക ശക്തമായ നിലയിൽ

വെസ്റ്റ് ഇൻഡീസിനെതിരായ ലോകകപ്പ് മത്സരത്തിൽ ശ്രീലങ്ക ശക്തമായ നിലയിൽ. 34 ഓവർ അവസാനിക്കുമ്പോൾ 3 ലങ്ക വിക്കറ്റ് നഷ്ടത്തിൽ 201 റൺസെന്ന നിലയിലാണ്. കുശാൽ പെരേര, ദിമുത് കരുണരത്നെ, കുശാൽ മെൻഡിസ് എന്നിവരുടെ വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്.
ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ലങ്ക ഉജ്ജ്വലമായാണ് തുടങ്ങിയത്. പതിവു ശൈലിയിൽ അടിച്ചു കളിച്ച പെരേരയ്ക്ക് കരുണരത്നെ ഉറച്ച പിന്തുണ നൽകി. ഇരുവരും ചെർന്ന് ആദ്യ വിക്കറ്റിൽ 93 റൺസ് കൂട്ടിച്ചേർത്തു. 16ആം ഓവറിലാണ് ഈ കൂട്ടുകെട്ട് വേർപിരിയുന്നത്. 32 റൺസെടുത്ത കരുണരത്നയെ ജേസൻ ഹോൾഡർ ഷായ് ഹോപ്പിൻ്റെ കൈകളിലെത്തിച്ചു.
ഇതിനിടെ 38 പന്തുകളിൽ കുശാൽ പെരേര അർദ്ധസെഞ്ചുറി കുറിച്ചു. 19ആം ഓവറിൽ പെരേര പുറത്തായി. രണ്ടാം റണ്ണിനുള്ള ശ്രമത്തിനിടെ റണ്ണൗട്ടായ അദ്ദേഹം 64 റൺസടിച്ച് ശ്രീലങ്കയ്ക്ക് മികച്ച തുടക്കം നൽകിയതിനു ശേഷമാണ് പുറത്തായത്. തുടർന്ന് അവിഷ്ക ഫെർണാണ്ടോയും കുശാൽ മെൻഡിസും ക്രീസിൽ ഉറച്ചു നിന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 85 റൺസ് കൂട്ടിച്ചേർത്തു. 32ആം ഓവറിൽ ഫേബിയൻ അലനാണ് ഈ കൂട്ടുകെട്ട് തകർത്തത്. 39 റൺസെടുത്ത മെൻഡിസിനെ സ്വന്തം ബൗളിംഗിൽ അലൻ പിടികൂടി.
ഇതിനിടെ 57 പന്തുകളിൽ അവിഷ്ക ഫെർണാണ്ടോ അർദ്ധസെഞ്ചുറി കുറിച്ചു. നിലവിൽ 56 റൺസെടുത്ത ഫെർണാണ്ടോയും റണ്ണൊന്നുമെടുക്കാതെ ആഞ്ജലോ മാത്യൂസുമാണ് ക്രീസിൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here