ഏഴ് ആഴ്ച നീണ്ട വേനലവധിക്ക് ശേഷം സുപ്രീംകോടതി ഇന്ന് തുറക്കും

ഏഴ് ആഴ്ച നീണ്ട വേനലവധിക്ക് ശേഷം സുപ്രീംകോടതി ഇന്ന് തുറക്കും. ശബരിമല യുവതീപ്രവേശനത്തിലും, ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണതർക്കത്തിലും ഉടൻ വിധി വന്നേക്കും. റഫാൽ ഇടപാട്, രാഹുൽ ഗാന്ധിക്കെതിരെയുളള കോടതിയലക്ഷ്യഹർജി തുടങ്ങിയവയാണ് വിധി പ്രതീക്ഷിക്കുന്ന മറ്റുക്കേസുകൾ. അയോധ്യ ഭൂമിതർക്കം, മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കണമെന്ന ഉത്തരവ് ചോദ്യം ചെയ്തുളള ഹർജികൾ, സ്വാശ്രയപ്രവേശനവിഷയം തുടങ്ങിയവയും കോടതിയുടെ മുന്നിലെത്തും.
വിശ്വാസവുമായി ബന്ധപ്പെട്ട സുപ്രധാനക്കേസുകളിലെ വിധിപ്രഖ്യാപനമാണ് സുപ്രീംകോടതിയിൽ നിന്ന് വരുംദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത്. ശബരിമല യുവതീപ്രവേശന വിധി ചോദ്യംചെയ്ത പുന:പരിശോധനാഹർജികളിൽ കഴിഞ്ഞ ഫെബ്രുവരി ആറിന് വാദം പൂർത്തിയാക്കി അഞ്ചംഗ ഭരണഘടനാബെഞ്ച് വിധി പറയാൻ മാറ്റിയിരുന്നു.
ശ്രീപത്മനാഭസ്വാമിക്ഷേത്രഭരണവുമായി ബന്ധപ്പെട്ട കേസിൽ വിധി വരേണ്ടത് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിൽ നിന്നാണ്. എട്ടംഗ ഭരണസമിതി രൂപീകരിക്കാൻ തയാറാണെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. തിരുവിതാംകൂർ രാജകുടുംബത്തിലെ ഒരു അംഗത്തെ പത്മനാഭദാസൻ എന്ന സ്ഥാനപ്പേരിൽ ഭരണസമിതിയിൽ ഉൾപ്പെടുത്തുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. അയോധ്യാ ഭൂമിതർക്കവും മധ്യസ്ഥശ്രമങ്ങളും അഞ്ചംഗ ഭരണഘടനാബെഞ്ചിന് മുന്നിൽ പരിഗണിക്കും.
റഫാൽ ഇടപാടിൽ അന്വേഷണം വേണ്ടെന്ന നിലപാട് പുന:പരിശോധിക്കണമെന്ന ബി.ജെ.പി വിമത നേതാക്കളായ യശ്വന്ത് സിൻഹയുടെയും അരുൺ ഷൂരിയുടെയും ഹർജിയിൽ വിധി കാത്തിരിക്കുകയാണ്. ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റക്കാരനാണെന്ന് സുപ്രീംകോടതി കണ്ടെത്തിയെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ കോടതിനടപടിയുണ്ടാകുമോയെന്ന് വരുംദിവസങ്ങളിൽ അറിയാം. ലാവലിൻ കേസ്, നടി ആക്രമണത്തിനിരയായ കേസിലെ നിർണായക തെളിവായ മെമ്മറി കാർഡിൻറെ പകർപ്പാവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹർജി തുടങ്ങിയവയും സുപ്രീംകോടതി ഉടൻ പരിഗണിച്ചേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here