കോപ്പയിൽ നാളെ ക്ലാസിക്ക് പോരാട്ടം; ബ്രസീൽ അർജന്റീനയെ നേരിടും

കോപ്പ അമേരിക്കയിൽ നാളെ ബ്രസീൽ-അർജൻ്റീന ക്ലാസിക്ക് പോരാട്ടം. ആദ്യ സെമിഫൈനലിൽ ചിരവൈരികളായ ബ്രസീലും അർജൻ്റീനയുമായി ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാവിലെ ആറിനാണ് മത്സരം. ബ്രസീലിലെ മിനെയ്റോ സ്റ്റേഡിയത്തിലാണ് മത്സരം.
രണ്ട് ജയവും ഒരു സമനിലയുമടക്കം ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാർട്ടറിലെത്തിയവരാണ് ബ്രസീൽ. ക്വാർട്ടറിൽ പരാഗ്വേയെ പെനൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി സെമിയിലെത്തി. അതേ സമയം, അർജൻ്റീന ഗ്രൂപ്പ് ഘട്ടം കടന്നത് അല്പം ബുദ്ധിമുട്ടിയാണ്. ഒരു ജയവും ഒരു സമനിലയും ഒരു തോൽവിയുമുൾപ്പെടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് അർജൻറീന ക്വാർട്ടറിലെത്തിയത്. ക്വാർട്ടറിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് വെനിസ്വലയെ പരാജയപ്പെടുത്തി സെമിയിൽ.
മെസ്സിയും അഗ്യൂറോയുമടങ്ങുന്ന അർജൻ്റീനയുടെ മികച്ച മുന്നേറ്റ നിര താളം കണ്ടെത്തിയാൽ ബ്രസീൽ വിയർക്കും. മറുവശത്ത് റോബർട്ടോ ഫിർമിനോ, വില്ല്യൻ, ഗബ്രിയേൽ ജീസസ് തുടങ്ങിയ കളിക്കാരുള്ള ബ്രസീൽ മുന്നേറ്റ നിരയും കരുത്തരാണ്. മധ്യനിരയിൽ ബ്രസീലാണ് ശക്തം. കുട്ടീഞ്ഞോ, ആർതർ, കാസമിറോ തുടങ്ങിയവർ നല്ല പ്രകടനം കാഴ്ച വെക്കുന്നുണ്ട്. മറുവശത്ത് അത്ര ഒത്തിണക്കമില്ല അർജന്റീനിയൻ മധ്യനിരയ്ക്ക്. പരിചയസമ്പന്നതയുടെ അഭാവമാണ് അർജന്റീന മധ്യനിരയുടെ പ്രശ്നം.
പ്രതിരോധത്തിൽ ബ്രസീൽ കാതങ്ങൾ മുന്നിലാണ്. തിയാഗോ സിൽവ, മാർക്വിനസ്, ഡാനി ആൽവസ്, യൂയിസ് എന്നിവരടങ്ങുന്ന പ്രതിരോധം ഇതുവരെ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല. അർജൻ്റീനയുടെ പ്രതിരോധം ദുർബലമാണ്. ഒപ്പം ഗോൾ ബാറിനു കീഴിൽ അലിസൺ ബെക്കറുള്ളതും ബ്രസീലിന് വളരെ മുൻതൂക്കം നൽകുന്നു. കടലാസിലെ സാധ്യത ബ്രസീലിനാണ്. എങ്കിലും അർജൻ്റീനയുടെ മുന്നേറ്റ നിരയോടൊപ്പം മെസ്സിയും ഫോമിലേക്കെത്തിയാൽ അർജൻ്റീനയ്ക്കും സാധ്യതയുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here