നിലപാടിൽ മലക്കം മറിഞ്ഞ് സിപിഐഎം; നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ എസ്പിക്കെതിരെയും അന്വേഷണം വേണം

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ നിലപാട് മാറ്റി സിപിഐഎം. സംഭവത്തിൽ എസ്പിക്കെതിരെയും അന്വേഷണം വേണമെന്ന് സിപിഐഎം ഇടുക്കി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. ഇടുക്കി എസ്പിയെ ഒഴിവാക്കി മറ്റുള്ള എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്നായിരുന്നു നേരത്തെ സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നത്.
എസ്പി അറിയാതെ ഉദ്യോഗസ്ഥരുണ്ടാക്കിയ കുഴപ്പങ്ങളാണെന്നുമായിരുന്നു സിപിഐഎം ഇടുക്കി ജില്ലാ നേതൃത്വത്തിന്റെ മുൻ നിലപാട്. എന്നാൽ ഈ വാർത്താക്കുറിപ്പ് പഴയതാണെന്ന നിലപാടിലാണ് ഇപ്പോൾ ജില്ലാ നേതൃത്വം. എസ്പിക്കെതിരെയും അന്വേഷണം വേണമെന്നാണ് തന്റെയും പാർട്ടിയുടെയും ആവശ്യമെന്നും കുറ്റക്കാർ എത്ര ഉന്നതരായാലും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രൻ അറിയിച്ചു.
സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാൻഡിലായിരുന്ന രാജ്കുമാർ മരിച്ച സംഭവത്തിൽ പീരുമേട് ജയിലിലെ ഉദ്യോഗസ്ഥർക്കെതിരെ ജയിൽ ഡിജിപി ഋഷിരാജ് സിങ് കഴിഞ്ഞ ദിവസം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ജയിൽ ഡിഐജി സാം തങ്കയ്യനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. നാല് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഋഷിരാജ് സിങ് നിർദേശം നൽകിയിട്ടുണ്ട്. രാജ്കുമാറിന് പൊലീസ് കസ്റ്റഡിയിൽ കടുത്ത മർദ്ദനമേറ്റതിന്റെ സൂചനകൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു.
Read Also; കസ്റ്റഡി മരണം; പീരുമേട് ജയിലിലെ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ജയിൽ ഡിജിപിയുടെ നിർദേശം
ഈ സാചഹര്യത്തിലാണ് ജയിലിലുണ്ടായ സംഭവങ്ങൾ കൂടി അന്വേഷിക്കാൻ ജയിൽ ഡിജിപി ഉത്തരവിട്ടിരിക്കുന്നത്. അതേ സമയം ഹരിത ഫിനാൻസിയേഴ്‌സിന്റെ സാമ്പത്തിക തട്ടിപ്പ് തടയുന്നതിലും പൊലീസിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഹരിത ഫിനാൻസിയേഴ്‌സിന്റെ വായ്പ തട്ടിപ്പാണെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ലോക്കൽ പൊലീസ് പൂഴ്ത്തി വച്ചു. റിപ്പോർട്ട് അവഗണിച്ചത് ഹൈറേഞ്ചിലെ ഒരു എഎസ്‌ഐക്ക് വേണ്ടിയാണെന്നാണ് വിവരം. ഈ പൊലീസ് ഉദ്യോഗസ്ഥനും ഹരിത ഫിനാൻസിയേഴ്‌സിൽ പങ്കുണ്ടെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here