പ്രതിഷേധം വ്യാപിപ്പിച്ച് എറണാകുളം-അങ്കമാലി അതിരൂപതയിലെ കർദ്ദിനാൾ വിരുദ്ധപക്ഷ വൈദികർ; അടുത്ത ഞായറാഴ്ച ഇടവകളിൽ പ്രമേയമവതരിപ്പിക്കാൻ തീരുമാനം

പ്രതിഷേധം വ്യാപിപ്പിച്ച് എറണാകുളം-അങ്കമാലി അതിരൂപതയിലെ കർദ്ദിനാൾ വിരുദ്ധപക്ഷ വൈദികർ. അതിരൂപതാ അംഗങ്ങളെ അണിനിരത്തി കർദ്ദിനാൾ വിരുദ്ധ നീക്കം സജീവമായി നിലനിർത്താനാണ് നീക്കം. അടുത്ത ഞായറാഴ്ച ഇടവകളിൽ പ്രമേയമവതരിപ്പിക്കാനാണ് തീരുമാനം.
കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ പരസ്യപ്രതിഷേധമുയർത്തിയതിന് പിന്നാലെ അതിരൂപതയിലെ എല്ലാ ഇടവകകളിലേക്കും പ്രതിഷേധം എത്തിക്കാനാണ് വൈദികരുടെ നീക്കം. കൂടുതൽ വിശ്വാസികളുടെ പിന്തുണ ആർജിക്കാനാണ് ശ്രമം. അടുത്ത ഞായറാഴ്ച്ച കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരായ പ്രമേയം ഇടവകകളിൽ അവതരിപ്പിക്കാൻ വിമതപക്ഷത്തുള്ള വൈദികർ തീരുമാനിച്ചിരുന്നു.
അതിരൂപതാ സംരക്ഷണ സമിതിയെന്ന പേരിൽ ഇതിനകം കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. ഒരു ഇടവകയിൽ നിന്ന് രണ്ട് പേരെയെങ്കിലും അണിനിരത്തി സമിതി വിപുലീകരിക്കാനാണ് ശ്രമം. കൂട്ടായ്മക്കായി പണം സ്വരൂപിക്കാൻ പുതിയ ബാങ്ക് അക്കൗണ്ടും തുറന്നിട്ടുണ്ട്. അതിരൂപതയ്ക്ക് പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ആർച്ച് ബിഷപ്പിനെ നിയമിക്കുക. സഹായമെത്രാന്മാരുടെ സസ്‌പെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള വൈദികരുടെ പ്രമേയം സഭാ സിനഡിന് കൈമാറിയിട്ടുണ്ട്. വൈദികർ പരസ്യ വിമർശനം കടുപ്പിച്ചതോടെ സഭാ നേതൃത്വവും പ്രതിരോധത്തിലാണ്. കഴിഞ്ഞ ദിവസം നടന്ന വൈദികരുടെ യോഗവും തുടർന്ന് നടത്തിയ മാധ്യമസമ്മേളനവും അച്ചടക്ക ലംഘനമാണെന്നാണ് സഭാ നിലപാട്.
എന്നാൽ ഇക്കാര്യത്തിൽ ഇതുവരെയായും നേതൃത്വം ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായിട്ടില്ല. വൈദികർ അച്ചടക്ക ലംഘനം നടത്തുന്നുവെന്ന് കാട്ടി പൗരസ്ത്യ തിരുംഘത്തിന് റിപ്പോർട്ട് നൽകാനാണ് സഭാ നേതൃത്വത്തിന്റെ ആലോചന. സഭയുടെ പെർമനന്റ് സിനഡ് എറണാകുളംഅങ്കമാലി അതിരൂപതയിലെ സാഹചര്യങ്ങൾ ചർച്ച ചെയ്യും. അടുത്ത മാസമാണ് ഇനി സഭാ സിനഡ് ചേരുന്നത്. അതിന് മുൻപേ സഭാ നേതൃത്വത്തെ സമ്മർദ്ദത്തിലാക്കുകയാണ് കർദ്ദിനാൾ വിരുദ്ധ ചേരിയിലെ വൈദികരുടെ ലക്ഷ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here