ആന്തൂർ ആത്മഹത്യ; സാജന്റെ പാർത്ഥ കൺവെൻഷൻ സെന്ററിന് ഉടൻ പ്രവർത്തനാനുമതി ലഭിച്ചേക്കും

ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ പാർത്ഥ കൺവെൻഷൻ സെന്ററിന് ഉടൻ പ്രവർത്തനാനുമതി ലഭിച്ചേക്കും. സാജന്റെ മരണത്തിന് ശേഷമുള്ള ആദ്യത്തെ നഗരസഭാ കൗൺസിൽ യോഗം നാളെ ചേരും. അന്വേഷണ സംഘം നഗരസഭാധ്യക്ഷ പി.കെ ശ്യാമളയുടെ മൊഴിയെടുക്കുന്നത് വൈകുകയാണ്.
ചീഫ് ടൗൺ പ്ലാനറുടെ റിപ്പോർട്ടിനെ തുടർന്ന് പാർത്ഥ കൺവെൻഷൻ സെന്ററിലെ പോരായ്മകൾ ഏറെക്കുറെ പരിഹരിച്ച് കഴിഞ്ഞു. ഓഡിറ്റോറിയത്തിന്റെ റാംപ് പുതുക്കിപ്പണിതിട്ടുണ്ട്. കൂടുതൽ ടോയ്ലറ്റുകളും മറ്റും നിർമ്മിച്ചു കഴിഞ്ഞു. മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാകും. പുതുതായി ചുമതലയേറ്റ നഗരസഭാ സെക്രട്ടറിയുടെ നിർദേശ പ്രകാരം പുതുക്കിയ പ്ലാൻ അടുത്ത ദിവസം സമർപ്പിക്കും. സെക്രട്ടറി വീണ്ടും പരിശോധിച്ച ശേഷമായിരിക്കും അനുമതി നൽകുക. അതേ സമയം സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭാധ്യക്ഷ പി.കെ ശ്യാമളയുടെ മൊഴി രേഖപ്പെടുത്തുന്നത് വൈകുകയാണ്. ഉദ്യോഗസ്ഥരുടെ മൊഴികൾ രേഖപ്പെടുത്തിയെങ്കിലും ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്താവുന്ന തെളിവുകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല.
പി കെ ശ്യാമളയെ രക്ഷിക്കാനായി പോലീസ് ബോധപൂർവ്വം അന്വേഷണം വഴിതിരിച്ച് വിടുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നടപടി ആവശ്യപ്പെട്ട് നാളെ കലക്ടറേറ്റുകൾക്ക് മുന്നിൽ കോൺഗ്രസ് ധർണ്ണ സംഘടിപ്പിക്കുന്നുണ്ട്. അതേ സമയം സാജന്റെ മരണത്തിന് ശേഷം ആദ്യമായി ആന്തൂർ നഗരസഭാ കൗൺസിൽ യോഗം നാളെ ചേരും. ക്ഷേമ പെൻഷനും മറ്റ് വിഷയങ്ങളുമാണ് കൗൺസിൽ യോഗത്തിലെ പ്രധാന അജണ്ട. സാജന്റെ ആത്മഹത്യയും പാർത്ഥ കൺവെൻഷൻ സെന്ററിന്റെ അനുമതിയും ചർച്ചയാകാനിടയില്ല. പ്രതിപക്ഷം ഇല്ലാതെ എൽ ഡി എഫ് ഭരിക്കുന്ന നഗരസഭയായതിനാൽ മറ്റാരും വിഷയം ഉന്നയിക്കാനും സാധ്യതയില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here