ഇന്ത്യൻ വംശജൻ സർപ്രീത് സിംഗുമായി കരാർ ഒപ്പിട്ട് ബയേൺ മ്യൂണിക്ക്

ഇന്ത്യൻ വംശജനായ 20കാരൻ സർപ്രീത് സിംഗുമായി കരാർ ഒപ്പിട്ട് ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്ക് ഫുട്ബോൾ ക്ലബ്. 3 വർഷത്തെ കരാറിലാണ് ബയേൺ മ്യൂണിക്ക് സർപ്രീതിനെ ടീമിലെത്തിച്ചത്. ഓസ്ട്രേലിയയിലെ എ-ലീഗ് ക്ലബ് വെല്ലിംഗ്ടൺ ഫീനിക്സിൽ നിന്നും റെക്കോർഡ് തുകയ്ക്കാണ് ബയേൺ സർപ്രീതിനെ സൈൻ ചെയ്തത്.
ഇന്ത്യക്കാരായ മാതാപിതാക്കൾക്ക് ജനിച്ച സർപ്രീത് ന്യൂസിലൻഡിലാണ് താമസിക്കുന്നത്. 2017ൽ വെല്ലിംഗ്ടൺ ഫീനിക്സുമായി സർപ്രീത് മൂന്ന് വർഷത്തെ കരാറൊപ്പിട്ടു. 2017 സീസൺ സർപ്രീത് അവസാനിപ്പിച്ചത് ലീഗിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാമതായാണ്. തുടർന്നും മികച്ച പ്രകടനം തുടർന്ന ഈ മധ്യനിര താരത്തെ ലീഗിലെ ഏറ്റവും മികച്ച കളിക്കാരെന്നും ചില ഫുട്ബോൾ നിരൂപകർ അഭിപ്രായപ്പെട്ടിരുന്നു. ഈ പ്രകടന മികവാണ് ബയേണിൻ്റെ ശ്രദ്ധയാകർഷിച്ചത്.
യൂത്ത് ടീമിലാവും സർപ്രീത് ആദ്യം ബൂട്ടണിയുക. തുടർന്ന് പ്രകടന മികവിൻ്റെ അടിസ്ഥാനത്തിൽ സീനിയർ ടീമിലേക് പരിഗണിക്കുമെന്ന് ക്ലബ് അറിയിച്ചിട്ടുണ്ട്. ന്യൂസിലൻഡിൻ്റെ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കരാർ തുകയ്ക്കാണ് സർപ്രീതിൻ്റെ കൂടുമാറ്റമെന്നാണ് റിപ്പോർട്ട്. തുക എത്രയെന്ന് കൃത്യമായ വിവരം ലഭിച്ചിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here