ഇന്ത്യയിൽ നിന്നുള്ള തീർഥാടകരുടെ സേവനങ്ങൾക്കായി സൗദിയിലെ ഇന്ത്യൻ ഹജ്ജ് മിഷൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി : ഔസാഫ് സഈദ്

ഇന്ത്യയിൽ നിന്നുള്ള തീർഥാടകരുടെ സേവനങ്ങൾക്കായി സൗദിയിലെ ഇന്ത്യൻ ഹജ്ജ് മിഷൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി സൗദിയിലെ ഇന്ത്യൻ അംബാസഡർ ഔസാഫ് സഈദ് പറഞ്ഞു.
രണ്ട് ലക്ഷം തീർഥാടകരാണ് ഇത്തവണ ഇന്ത്യയിൽ നിന്നും ഹജ്ജിനെത്തുന്നത്. തീർഥാടകരുടെ എണ്ണം മുൻ വർഷങ്ങളേക്കാൾ കൂടുതലാണെങ്കിലും സുഗമമായി കർമങ്ങൾ പൂർത്തിയാക്കാനുള്ള എല്ലാ ഒരുക്കങ്ങളും ഇന്ത്യൻ ഹജ്ജ്മിഷൻ പൂർത്തിയാക്കിയിട്ടുണ്ടെന്നു ഇന്ത്യൻ അംബാസഡർ ഔസാഫ് സഈദ് പറഞ്ഞു. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അംബാസഡർ. തീർഥാടകർക്ക് താമസ സ്ഥലം കണ്ടെത്താനും, സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനും ഹജ്ജ് കര്മങ്ങളെ കുറിച്ച് അറിയാനുമായി മൊബൈൽ ആപ്ലിക്കേഷൻ ഉൾപ്പെടെ ഓൺലൈൻ സേവനങ്ങളും ഹജ്ജ് മിഷൻ ഒരുക്കിയതായി അംബാസഡർ അറിയിച്ചു.
തീർഥാടകർ കൂടുന്നത് കൊണ്ടുള്ള മിനായിലെ സ്ഥലപരിമിതിക്ക് പരിഹാരമായി ടെന്റുകളിൽ തട്ടുകളുള്ള ബങ്ക് ബെഡുകൾ ഉപയോഗിക്കാൻ അനുമതി തരണമെന്ന് ഇന്ത്യൻ ഹജ്ജ് മിഷൻ സൗദി ഹജ്ജ് മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മക്കയിലും മദീനയിലുമായി രണ്ട് മെയിൻ ഓഫീസുകളും, പത്തൊമ്പത് ബ്രാഞ്ച് ഓഫീസുകളും, നാല് ആശുപത്രികളും, പത്തൊമ്പത് ഡിസ്പൻസറികളും തയ്യാറാണ്. തീർഥാടകരുടെ സേവനത്തിനായി ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും ഉൾപ്പെടെ 625 ഉദ്യോഗസ്ഥർ ഇന്ത്യയിൽ നിന്നെത്തും. ഇതിൽ 101 പേർ സ്ത്രീകളാണ്. ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖും ഹജ്ജ് കോൺസുൽ യുംകൈബാൻ സാബിറും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here