ബ്രിട്ടന്‍ തടഞ്ഞുവെച്ച എണ്ണക്കപ്പല്‍ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്ന് ഇറാന്‍

ജിബ്രാള്‍ട്ടറില്‍ ബ്രിട്ടന്‍ തടഞ്ഞുവെച്ച എണ്ണക്കപ്പല്‍ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്ന് ഇറാന്‍. അല്ലെങ്കില്‍ ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുമെന്നും ഇറാന്റെ ഭീഷണി. ഇറാനില്‍ നിന്നും സിറിയയിലേക്ക് എണ്ണയുമായി പോയ ദി ഗ്രേസ് വണ്‍ എന്ന കപ്പല്‍ ഇന്നലെയാണ് ജിബ്രാള്‍ട്ടറില്‍ വെച്ച് ബ്രിട്ടീഷ് നാവികസേന തടഞ്ഞത്.
സൂപ്പര്‍ ടാങ്കര്‍ കപ്പലായ ദ ഗ്രേസ് വണ്‍ ജിബ്രാള്‍ട്ടേറിയന്‍ പോലീസിനൊപ്പം 30 ഓളം ബ്രിട്ടീഷ് നാവികസേനാംഗങ്ങളും 42 കമാന്‍ഡോകളും അടങ്ങുന്ന സംഘമാണ് ജിബ്രാള്‍ട്ടറിലെ കടല്‍ പാതയില്‍ വെച്ച് തടഞ്ഞത്. ഇറാനില്‍ നിന്നും 2 മില്ല്യന്‍ ബാരല്‍ ഇന്ധനവുമായി സിറിയയിലേക്ക് പോവുന്നതിനിടയിലാണ് കപ്പല്‍ പിടിച്ചെടുത്തത്. ബ്രിട്ടന്റെ നടപടി തീര്‍ത്തും നിയമവിരുദ്ധമാണെന്ന് ഇറാന്‍ ആരോപിച്ചു. ഇറാനിലെ ബ്രിട്ടിഷ് അംബാസിഡര്‍ റോബര്‍ട്ട് മക്കെയറെ വിദേശകാര്യമന്ത്രാലയത്തിലേക്ക് വിളിച്ചു വരുത്തി അതൃപ്തി അറിയിച്ചു.
കപ്പല്‍ തടഞ്ഞുവെച്ചത് കടല്‍കൊള്ളയാണെന്നാണ് ഇറാന്റെ വാദം. എന്നാല്‍ ആരോപണം അസംബന്ധമാണെന്ന് പ്രതികരിച്ച ബ്രിട്ടന്‍ , സിറിയയിലെ ബശര്‍ അല്‍ അസദിന്റെ ഭരണകൂടത്തിനെതിരെ യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ച ഉപരോധം നടപ്പാക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്ന് വ്യക്തമാക്കി. അതേസമയം അമേരിക്കയുടെ നിര്‍ദേശ പ്രകാരമാണ് ബ്രിട്ടന്‍ ഇറാന്റെ കപ്പല്‍ പിടിച്ചെടുത്തതെന്ന വാദവുമായി സ്പെയിന്‍ രംഗത്തെത്തി. ജിബ്രാള്‍ട്ടേറിയന്‍ കടലിലൂടെ കിഴക്കോട്ട് പോകുന്ന കപ്പലിനെ ഹെലികോപ്റ്റര്‍ പിന്തുടരുന്നതിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ദൃശ്യങ്ങള്‍ ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം ഇന്നലെ പുറത്തുവിട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here