പിതൃത്വത്തിൽ സംശയം; പിതാവ് രണ്ട് വയസ്സുകാരനെ കൊലപ്പെടുത്തി

പിതൃത്വത്തില്‍ സംശയം തോന്നിയ പിതാവ് രണ്ട് വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തി. മൈസൂരിലെ ഹുന്‍സൂറിലാണ് സംഭവം. രണ്ട് വയസ്സുകാരന്‍ കൗശലാണ് പിതാവിന്റെ ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തില്‍ കുഞ്ഞിന്റെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.
കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലി ശശികുമാര്‍ ഭാര്യ പരിമളവുമായി നിരന്തരം വഴക്കിട്ടിരുന്നുവെന്ന് പരിമളത്തിന്റെ ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. അഞ്ച് വര്‍ഷം മുമ്പാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. എന്നാല്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മുതൽ പരിമളം സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു. ആറ് മാസം മുമ്പ് പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്ത് ഇരുവരും ഒരുമിച്ച് ജീവിക്കാനാരംഭിച്ചു.
പരിമളത്തിന് അവിഹിതബന്ധമുണ്ടെന്ന സംശയത്തില്‍ തര്‍ക്കം പിന്നീടും പതിവായി. ഇരുവരുടെയും രണ്ടാമത്തെ മകന്‍ കൗശല്‍ തന്റെ കുഞ്ഞല്ലെന്നാണ് ശശികുമാര്‍ പറഞ്ഞിരുന്നത്. കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയം ഉന്നയിച്ച് ഇയാള്‍ കൗശലിനെ നിരന്തരമായി ദേഹോപദ്രമേല്‍പ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം ക്രൂരമായി ആക്രമിച്ചതിനെ തുടര്‍ന്ന് അവശനായ കുഞ്ഞിനെ അയല്‍വാസികളാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് ചികിത്സയിലിരിക്കെ മരിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here