അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഖത്തറില്‍ നടക്കുന്ന ഉന്നതതല ഉച്ചകോടി രണ്ടാം ദിവസത്തിലേക്ക്

അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഖത്തറില്‍ നടക്കുന്ന ഉന്നതതല ഉച്ചകോടി രണ്ടാം ദിവസത്തിലേക്ക് കടന്നു. ജര്‍മ്മനിയും ഖത്തറുമാണ് ഉച്ചകോടിക്ക് നേതൃത്വം നല്‍കുന്നത്. അതേസമയം ഇന്നലെ രാത്രി താലിബാന്‍ അഫ്ഗാന്‍ പ്രവിശ്യയില്‍ നടത്തിയ ആക്രമണത്തില്‍ പതിനാല് പേര്‍ കൊല്ലപ്പെട്ടു.
അഫ്ഗാനിസ്ഥാനിലെ അന്‍പതോളം ഉന്നത രാഷ്ട്രീയ നേതാക്കളും താലിബാന്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ നേതാക്കളുമാണ് ഖത്തറിലെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. വെടിനിര്‍ത്തല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആദ്യദിവസം ചര്‍ച്ചയായതായാണ് സൂചന. വ്യത്യസ്ത അഭിപ്രായമുള്ള നേതാക്കള്‍ ചര്‍ച്ചയ്ക്കായി ഒന്നിച്ചിരിക്കുന്നത് തന്നെ വലിയ പുരോഗതിയാണെന്ന് നാഷണല്‍ ഇസ്ലാമിക് ഫ്രണ്ട് ഓഫ് അഫ്ഗാനിസ്ഥാന്‍ നേതാവ് സയ്യിദ് ഹമീദ് ഗയ്‌ലാനി പറഞ്ഞു.
എല്ലാവരും ക്ഷമയോടെ പരസ്പരം കേള്‍ക്കാന്‍ തയ്യാറായതായി ഹെസ്ബ് ഇ ഇസ്ലാമിയുടെ രാഷ്ട്രീയകാര്യ ചെയര്‍മാന്‍ ഖൈറത്ത് ബഷീര്‍ പറഞ്ഞു. ഉച്ചകോടിക്കിടെ അഫ്ഗാനിസ്ഥാനിലെ ഗസാനി പ്രവിശ്യയിലുണ്ടായ കാര്‍ ബോംബാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടത് വാര്‍ത്തയായി.
അതേസമയം ഉച്ചകോടിയ്ക്കുവേണ്ടി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്ന അമേരിക്ക-താലിബാന്‍ സമാധാന ചര്‍ച്ച നാളെ പുനരാരംഭിക്കും. താലിബാനുമായുള്ള സമാധാന ചര്‍ച്ചയില്‍ നല്ല പുരോഗതിയുണ്ടെന്ന് അമേരിക്കന്‍ പ്രതിനിധി സല്‍മൈ ഖലീല്‍സാദ് നേരത്തേ അറിയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here