നെടുങ്കണ്ടം കസ്റ്റഡി മരണം; എസ്പിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് സിപിഐ മാർച്ച് നടത്തി

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ഇടുക്കി എസ്പിയായിരുന്ന കെ ബി വേണുഗോപാലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് സിപിഐ ഇടുക്കി ജില്ലാ കമ്മിറ്റി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പൊലീസ് സ്റ്റേഷൻ മാർച്ച് സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു.
കസ്റ്റഡി മരണത്തിൽ എസ്പിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് സിപിഐ ഇടുക്കി ജില്ലാ കമ്മറ്റി മാർച്ച് നടത്തിയത്. മാർച്ചിൽ സിപിഐ പ്രവർത്തവർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു.
നാട്ടുകാർക്കെതിരെയുളള കേസ് പിൻവലിക്കുക, മുൻ എസ്പിയായിരുന്ന കെ ബി വേണുഗോപാലിനെതിരെയും കട്ടപ്പന ഡിവൈഎസ്പിക്കെതിരെയും സർക്കിൾ ഇൻസ്‌പെക്ടർക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത് ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ സംസാരിച്ചു.
അതേസമയം രാജ്കുമാറിന്റെ കുടുംബത്തിന് സർക്കാർ സഹായം നൽകണമെന്ന് ഇ എസ് ബിജിമോൾ എംഎൽഎ ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ കൂടുതൽ പ്രക്ഷോഭങ്ങളിലേക്ക് കടക്കാനാണ് സിപിഐയുടെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here