കാരുണ്യ ചികിത്സാ പദ്ധതിയുടെ കാലാവധി നീട്ടി; ആനുകൂല്യം തുടരും

കാരുണ്യ ചികിത്സാ പദ്ധതിയുടെ കാലാവധി നീട്ടിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. അടുത്ത വർഷം മാർച്ച് 31 വരെയാണ് പദ്ധതി നീട്ടിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ധനകാര്യമന്ത്രിയും ആരോഗ്യവകുപ്പ് മന്ത്രിയും ചർച്ച ചെയ്താണ് ചികിത്സാ സഹായം നീട്ടാനുള്ള തീരുമാനം കൈക്കൊണ്ടത്. കാരുണ്യ ആനുകൂല്യം മുടങ്ങില്ലെന്നും ആനുകൂല്യങ്ങൾ തുടരുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.
Read Also; കാരുണ്യ പദ്ധതി നീട്ടുന്നതില്‍ വ്യത്യസ്ത നിലപാടുമായി സര്‍ക്കാര്‍ വകുപ്പുകള്‍
നിലവിൽ കാരുണ്യ ബനവലന്റ് സ്‌കീമിൽ ചികിത്സയ്ക്ക് അർഹതയുണ്ടായിരുന്ന മുഴുവൻ പേർക്കും പദ്ധതിയുടെ ആനുകൂല്യം ഉറപ്പാക്കുന്നതാണ് സർക്കാർ ഉത്തരവ്. കാരുണ്യയിൽ അർഹതയുള്ള രോഗികൾക്ക് സൗജന്യ ചികിത്സ 2020 മാർച്ച് 31 വരെ നീട്ടിക്കൊണ്ടാണ് ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയത്. കാരുണ്യ ചികിത്സാ ധനസഹായത്തിന് അർഹതയുള്ളവർക്കും എന്നാൽ ആർ.എസ്.ബി.വൈ./പുതിയ കാരുണ്യ ആരോഗ്യ സുരക്ഷ കാർഡില്ലാത്തവർക്കും കെ.എ.എസ്.പി. എംപാനൽഡ് ആശുപത്രികളിൽ കെ.എ.എസ്.പി. പാക്കേജിലും നിരക്കിലും ചികിത്സ ലഭ്യമാക്കുന്നതാണ്.
Read Also; കാരുണ്യ പദ്ധതി നിർത്തലാക്കിയ സർക്കാർ നടപടി; മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തു
സ്റ്റേറ്റ് ഹെൽത്ത് അതോറിറ്റി മുഖാന്തരം കെ.എ.എസ്.പി. എംപാനൽഡ് ആശുപത്രികൾക്ക് ചികിത്സയ്ക്ക് ചെലവായ തുക അനുവദിച്ച് നൽകുമെന്നും ഉത്തരവിൽ മന്ത്രി വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടത്തുന്ന ഇൻഷുറൻസ് പദ്ധതി വന്നതിനെ തുടർന്നാണ് കാരുണ്യ പദ്ധതി മരവിപ്പിച്ചത്. ഇതോടെ പല രോഗികളുടെയും സൗജന്യ ചികിത്സ മുടങ്ങി. ഇത് വിവാദമായതോടെയാണ് തീരുമാനം പുനഃപരിശോധിക്കാൻ സർക്കാർ തയ്യാറായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here