മൂകാംബിക ക്ഷേത്ര ദര്‍ശനം; ലോക്കല്‍ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിച്ചതില്‍ സിപിഐഎമ്മില്‍ വിവാദം പുകയുന്നു

മൂകാംബിക ക്ഷേത്ര ദര്‍ശനം നടത്തിയതിന് ലോക്കല്‍ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിച്ചതില്‍ തലസ്ഥാനത്തെ സിപിഐഎമ്മില്‍ വിവാദം പുകയുന്നു. വെള്ളറട ലോക്കല്‍ സെക്രട്ടറി പികെ ബേബിയെയാണ് പാര്‍ട്ടിയില്‍ നിന്ന് ആറുമാസത്തേക്ക് സസ്പെന്റ് ചെയ്തത്. എന്നാല്‍, രണ്ടുദിവസം സ്ഥലത്തുണ്ടാകില്ലെന്ന് ഏരിയാസെക്രട്ടറിയെ അറിയിച്ചിരുന്നതാണെന്ന് പികെ ബേബിപറഞ്ഞു.
പികെ ബേബിയും പാര്‍ട്ടി അംഗങ്ങളായ സുഹൃത്തുക്കളുമാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്ക് യാത്ര നടത്തിയത്. ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഏരിയാ കമ്മിറ്റിയുടെ സസ്പെന്‍ഷന്‍ തീരുമാനം. മൂകാംബികയിലേക്ക് പോകുന്ന കാര്യം അറിയിച്ചിരുന്നില്ലെങ്കിലും സ്ഥലത്തുണ്ടാകില്ലെന്ന് ഏരിയാസെക്രട്ടറിയോട് പറഞ്ഞിരുന്നതായി പികെ ബേബി പറയുന്നു.
എന്നാല്‍ മൂകാംബിക യാത്രയെക്കുറിച്ചുള്ള ചോദ്യത്തോടുള്ള ബേബിയുടെ പ്രതികരണമാണ് നടപടിക്കു കാരണമായതെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം. സംഭവം ചര്‍ച്ച ചെയ്ത ജില്ലാ സെക്രട്ടേറിയറ്റംഗം പങ്കെടുത്ത ഏരിയാ കമ്മിറ്റി യോഗത്തിലും ബേബി ക്ഷുഭിതനായി. ഇതോടെയായിരുന്നു നടപടി. പി.കെ.ബേബിയെ സസ്പെന്റ് ചെയ്തതോടെ പാറശാല മേഖലയിലെ സിപിഐഎം വിഭാഗീയതയും മൂര്‍ച്ഛിച്ചിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here