പ്രവാസികളിൽ നിന്നും 74 % ഓഹരി മൂലധനം സമാഹരിച്ച് എൻആർകെ ഇൻവെസ്റ്റ്‌മെന്റ് കമ്പനി രൂപീകരിക്കാൻ തീരുമാനമായി

പ്രവാസി മലയാളികളിൽ നിന്നും 74 ശതമാനം ഓഹരി മൂലധനം സമാഹരിച്ച് എൻ.ആർ.കെ ഇൻവെസ്റ്റ്‌മെൻറ് കമ്പനി രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. 26 ശതമാനം ഓഹരി സർക്കാരിനായിരിക്കും. എൻ.ആർ.കെ ഇൻവെസ്റ്റ്‌മെൻറ് ആൻറ് ഹോൾഡിംഗ് കമ്പനി ലിമിറ്റഡ് എന്നായിരിക്കും നിർദിഷ്ട കമ്പനിയുടെ പേര്. ലോക കേരള സഭയുടെ സ്റ്റാൻറിംഗ് കമ്മിറ്റികൾ സമർപ്പിച്ച ശുപാർശകളിൽ പ്രധാനപ്പെട്ടതാണ് പ്രവാസി നിക്ഷേപ കമ്പനിയുടെ രൂപീകരണം.
പ്രവാസി നിക്ഷേപം ഉപയോഗപ്പെടുത്തി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം. ഇതിനു വേണ്ടി പ്രത്യേക ഉദേശ്യ കമ്പനിയോ സബ്‌സിഡിയറി കമ്പനിയോ ഹോൾഡിംഗ് കമ്പനിക്കു കീഴിൽ രൂപീകരിക്കാവുന്നതാണ്. എൻ.ആർ.ഐ ടൗൺഷിപ്പുകളുടെ നിർമാണം, പശ്ചാത്തല സൗകര്യവികസനം മുതലായ മേഖലകളിൽ പദ്ധതികൾ നടപ്പാക്കാൻ ഉദ്ദേശിച്ചാണ് കമ്പനി രൂപീകരിക്കുന്നത്.
കമ്പനിയുടെ സ്‌പെഷ്യൽ ഓഫീസറായി നോർക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിക്കാനും തീരുമാനിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here