ക്ലാസ് മുറിയിലെ ഫാൻ തകർന്ന് വീണ് ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്ക്

ഡൽഹിയിൽ ക്ലാസ് മുറിയിലെ ഫാൻ തകർന്ന് വീണ് ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് സാരമായ പരിക്ക്. ത്രിലോക് പുരിയിലെ സർവോദയ ബാല വിദ്യാലയത്തിലാണ് സംഭവം. ഏഴാം ക്ലാസ് വിദ്യാർത്ഥി ഹർഷിന്റെ തലയിലാണ് ക്ലാസ് മുറിയിലെ ഫാൻ വീണത്. വിദ്യാർത്ഥിയെ ഉടനെ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചു.
ആദ്യം ലാൽ ബഹദൂർ ശാസ്ത്രി ആശുപത്രിയിൽ കൊണ്ടുപോയ വിദ്യാർത്ഥിയെ സ്ഥിതി ഗുരുതരമായതിനാൽ ഗുരു തേജ് ബഹദൂർ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, സംഭവത്തിൽ പരസ്പരം പഴിചാരി ബിജെപിയും ആംആദ്മിയും രംഗത്തെത്തി.
ആംആദ്മി പാർട്ടി കോടികളുടെ അഴിമതി നടത്തിയതുകൊണ്ടാണ് ഫാൻ തകർന്ന് വീണതെന്ന് ബിജെപി ഡൽഹി അധ്യക്ഷൻ മനോജ് തിവാരി കുറ്റപ്പെടുത്തി. എന്നാൽ രാഷ്ട്രീയ ലാഭം ഉണ്ടാക്കാനാണ് ബിജെപി നേതാവ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് ആംആദ്മി പാർട്ടി വക്താവ് സൗരഭ് ഭരദ്വാജും പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here