നെടുങ്കണ്ടം കസ്റ്റഡി മരണം; അന്വേഷണം കൂടുതൽ പൊലീസുകാരിലേക്ക് വ്യാപിപ്പിക്കാൻ നീക്കം

നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ അന്വേഷണം കൂടുതല്‍ പോലീസുകാരിലേക്ക് വ്യാപിക്കാൻ സാധ്യത. കസ്റ്റഡിയിൽ ലഭിച്ച ഒന്നാം പ്രതി എസ് ഐ സാബുവിനെ കൂടുതല്‍ സ്ഥലങ്ങളിലെത്തിച്ച് ക്രൈം ബ്രാഞ്ച് തെളിവെടുപ്പ് നടത്തും. സാമ്പത്തിക തട്ടിപ്പ് കേസില്‍ രണ്ടും മൂന്നും പ്രതികളായ ശാലിനിയേയും മഞ്ജുവിനേയും പോലീസ് മർദിച്ചിരുന്നുവെന്ന ആരോപണത്തിന്മേലും അന്വേഷണം പുരോഗമിക്കും
നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ ഇന്നലെ നടന്ന രണ്ട് പോലീസുകാരുടെ അറസ്റ്റ് ഉൾപെടെ നാല് പേരുടെ അറസ്റ്റാണ് ക്രൈം ബ്രാഞ്ച് രേഖപെടുത്തിയിരിക്കുന്നത്. മർദനത്തിൽ പങ്കുണ്ടെന്ന് സംശയിക്കപെടുന്ന കൂടുതല്‍ പോലീസുകാരുടെ അറസ്റ്റ് വരും ദിവസങ്ങളില്‍ ഉണ്ടാകാനാണ് സാധ്യത. ശാലിനിയേയും മഞ്ജുവിനേയും മർദിച്ച വനിതാ പോലീസുകാർക്കു നേരെയും നടപടിയുണ്ടാകും. ഒന്നാം പ്രതി സാബുവിനെ ഇന്ന് വൈകീട്ട് ആറു മണി വരെ കസ്റ്റഡിയിൽ വക്കാനാണ് ക്രൈം ബ്രാഞ്ചിന് അനുമതി ഉള്ളത്. സാബുവിനെ വിവിധ ഇടങ്ങളില്‍ എത്തിച്ച് തെളിവുകൾ ശേഖരിക്കാൻ ക്രൈം ബ്രാഞ്ച് ശ്രമിക്കും.
Read Also : നെടുങ്കണ്ടം കസ്റ്റഡി മരണം; എസ്പിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് സിപിഐ മാർച്ച് നടത്തി
ഒമ്പത് പോലീസുകാര്‍ തങ്ങളെ മർദിച്ചിരുന്നുവെന്ന ശാലിനിയുടേയും മഞ്ജുവിന്റെയും വെളിപെടുത്തലിന്മേലും ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഉന്നത പോലീസുദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകത്തതിൽ രാജ്കുമാറിന്റെ കുടുംബത്തിനും ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്കിടയിലും കടുത്ത പ്രതിഷേധം നിലനിൽക്കുന്നുണ്ട്. നെടുംങ്കണ്ടം വിഷയത്തില്‍ ആഭ്യന്തര വകുപ്പിനു ഗുരുതര വീഴ്ച സംഭവിച്ചതായി സർക്കാരിന്റെ ഭാഗമായ സിപിഐ ആരോപിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here