പ്രളയാനന്തര പുനർനിർമാണത്തിനായി വികസന സംഗമം നടത്തുമെന്ന് മുഖ്യമന്ത്രി

പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമ്മാണത്തിനായി വികസന സംഗമം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ നേടിയെടുക്കുകയാണ് ലക്ഷ്യമെന്നും ജൂലൈ 15 ന് തിരുവനന്തപുരത്ത് നടക്കുന്ന സംഗമത്തിൽ വിദേശ ധനകാര്യ സ്ഥാപനങ്ങളടക്കം പങ്കെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയ പുനർനിർമ്മാണത്തിനായി രാജ്യത്തിനു പുറത്തുള്ള ഏജൻസികളുമായി ചർച്ച നടത്തിവരികയാണ്. നഷ്ടപ്പെട്ട ആസ്തികളുടെ പുനർനിർമ്മാണം സമയബന്ധിതമായി നടത്തും.
ലോകബാങ്ക് വാഗ്ദാനം ചെയ്ത 1720 കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനായി ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 1400 കോടിയുടെ സഹായം നൽകാമെന്ന് ജർമ്മൻ ബാങ്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരള വികസനം ലക്ഷ്യമിട്ട് നടത്തുന്ന കോൺക്ലേവിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഏജൻസികൾ പങ്കെടുക്കും. യുഎഇയിലെ റെഡ് ക്രെസന്റ് ആദ്യഘട്ട സഹായമെന്ന നിലയിൽ 20 കോടി നൽകാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here