മരടിലെ ഫ്ലാറ്റുകൾ പൊളിക്കുക തന്നെ വേണം; പുനഃപരിശോധന ഹർജികൾ സുപ്രീംകോടതി തള്ളി

എറണാകുളം മരട് മുനിസിപ്പാലിറ്റിയില അനധികൃത ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കേണ്ടി വരും. ഫ്ലാറ്റുകൾ പൊളിച്ചുനീക്കാനുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലാറ്റ് ഉടമകൾ നൽകിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹർജികളിൽ ഇടപെടേണ്ട സാഹചര്യം ഇല്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
തീരദേശ പരിപാലന ചട്ടം ലംഘിച്ചു നിർമിച്ച ഫ്ലാറ്റുകൾ പൊളിച്ചു നീക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. ഉത്തരവിൽ മാറ്റം വരുത്താനാകില്ലെന്നു കഴിഞ്ഞ ആഴ്ച കോടതി വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചിൽനിന്നു വിധിയിൽ സ്റ്റേ സന്പാദിച്ചതിൽ ഹർജിക്കാർക്കും ഹാജരായ അഭിഭാഷകർക്കുമെതിരേ സുപ്രീംകോടതി ബെഞ്ച് രൂക്ഷവിമർശനവും ഉയർത്തിയിരുന്നു.
ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിൻ ഹൗസിംഗ്, കായലോരം അപ്പാർട്ട്മെന്റ്, ആൽഫാ വെഞ്ചേഴ്സ് എന്നിവയാണ് പൊളിക്കാൻ ഉത്തരവിട്ടിരുന്നത്. ഇതോടെ നൂറിലധികം കുടുംബങ്ങൾക്ക് ഫ്ലാറ്റുകൾ നഷ്ടപ്പെടുമെന്ന് ഉറപ്പായി. അനധികൃത നിർമാണങ്ങൾ കാരണം ഇനിയും കേരളത്തിനു പ്രളയവും പേമാരിയും താങ്ങാനാവില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here