കർണാടക പ്രതിസന്ധി; വിമത എംഎൽഎമാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കർണാടക പ്രതിസന്ധി അയവില്ലാതെ തുടരുന്നതിനിടെ വിമത എംഎൽഎമാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. രാജി സ്വീകരിക്കാൻ സ്പീക്കർ കെ.ആർ. രമേഷ് കുമാറിന് നിർദേശം നൽകണമെന്നാണ് വിമത എം.എൽ.എമാരുടെ മുഖ്യ ആവശ്യം. ഹർജിയെ കോൺഗ്രസ് എതിർക്കും.
ഇത് രണ്ടാം തവണയാണ് കർണാടക പ്രതിസന്ധി സുപ്രീംകോടതിക്ക് മുന്നിലെത്തുന്നത്. അർധരാത്രിയിൽ ചരിത്ര സിറ്റിങ് നടത്തി സുപ്രീംകോടതി നടത്തിയ ഇടപെടലിലാണ് ആദ്യത്തെ പ്രതിസന്ധി ഒഴിഞ്ഞത്. ഇന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അധ്യക്ഷനായ മൂന്നംഗബെഞ്ച് ആദ്യകേസായിട്ടാണ് കർണാടക പ്രതിസന്ധി പരിഗണിക്കുക. രാജിയിൽ ഉറച്ചുനിൽക്കുന്ന പ്രതാപ് ഗൗഡ പാട്ടീൽ അടക്കം പത്ത് വിമത എം.എൽ.എമാരുടെയും പരാതി, സ്പീക്കർ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്നാണ്.
സ്പീക്കർ രാജി സ്വീകരിക്കാതെ വൈകിപ്പിക്കുന്നു. കുമാരസ്വാമി സർക്കാരിനെതിരെ ഗുരുതരമായ രാഷ്ട്രീയ ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. അയോഗ്യതാ നീക്കം തടയാനും കൂടിയാണ് എം.എൽ.എമാരുടെ ഹർജി. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി വിമത എം.എൽ.എമാർക്ക് വേണ്ടി ഹാജരാകും. കോൺഗ്രസിന് വേണ്ടി മനു അഭിഷേക് സിങ്വിയാണ് ഹാജരാകുന്നത്. ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാൻ കോടതി നടത്തുന്ന ഏത് ഇടപെടലും നിർണായകമാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here