സിറോ മലബാർ വ്യാജ രേഖാ കേസ്; ഒരാൾ കൂടി അറസ്റ്റിൽ

സിറോ മലബാർ സഭാ വ്യാജരേഖാക്കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. കേസിൽ നേരത്തെ അറസ്റ്റിലായ ആദിത്യയുടെ സുഹൃത്ത് വിഷ്ണു റോയിയാണ് പിടിയിലായത്. ബംഗലൂരുവിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.
കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജ പണമിടപാട് രേഖകകളുണ്ടാക്കിയെന്ന കേസിലാണ് ഒരാൾ കൂടി പിടിയിലായത്. ബംഗലൂരുവിൽ വിഷ്വൽ ഡിസൈനറാണ് പോലീസ് കസ്റ്റഡിയിലെടുത്ത വിഷ്ണു റോയി. വ്യാജരേഖാ കേസിലെ അന്വേഷണ സംഘം ബംഗലൂരുവിലെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്ത്. ഇന്ന് പുലർച്ചെ കൊച്ചി ലെത്തിച്ച വിഷ്ണുവിനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും.
കേസിൽ നേരെത്ത അറസ്റ്റിലായ നാലാം പ്രതി എറണാകുളം കോന്തുരുത്തി സ്വദേശി ആദിത്യയുടെ സുഹൃത്താണ് മലയാളിയായ വിഷ്ണു റോയി. കേസിനാസ്പദമായ ചില രേഖകൾ വിഷ്ണുവിൽ നിന്ന് ലഭിച്ചുവെന്ന് ആദിത്യ മൊഴി നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
വ്യാജരേഖയുണ്ടാക്കാൻ വിഷ്ണു റോയി ആദിത്യയെ സഹായിച്ചുവെന്നാണ് പോലീസിന്റെ വാദം. കേസിലെ ഒന്നും മൂന്നും പ്രതികളായ ഫാ. പോൾ തേലക്കാട്ട്, ഫാ.ആന്റണി കല്ലൂക്കാരൻ എന്നിവർക്ക് നേരെത്ത കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കേസിൽ അറസ്റ്റിലായ ആദിത്യയ്ക്കും പിന്നീട് ജാമ്യം ലഭിച്ചിരുന്നു. കേസിൽ കുടുതൽ പേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്നാണ് പോലീസ് നിലപാട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here