കെഎംആര്‍എല്‍ അടച്ചുകെട്ടിയ റോഡ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തുറന്നുകൊടുത്തു

കെഎംആര്‍എല്‍ അടച്ചുകെട്ടിയ കാക്കനാട് കിഴക്കേക്കര റോഡ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തുറന്നുകൊടുത്തു. മെട്രോ ബിസിനസ്സ് സിറ്റിക്കായി സര്‍ക്കാര്‍ കൈമാറിയ സ്ഥലത്തുള്ള റോഡാണ് പ്രതിഷേധത്തെതുടര്‍ന്ന് തുറന്നുകൊടുത്തത്. റോഡ് കമ്പിവേലി ഉപയോഗിച്ച് അടച്ചുകെട്ടിയതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. പ്രശ്‌നത്തില്‍ കളക്ടര്‍ ഇടപെട്ട് ശാശ്വത പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കിഴക്കേക്കര റസിഡന്റ്‌സ് അസോസിയേഷനില്‍പ്പെട്ട 65 കുടുംബങ്ങള്‍ ഉപയോഗിക്കുന്ന റോഡാണിത്. ഏന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് സിവില്‍ ലൈന്‍ റോഡില്‍ മാര്‍ഗതടസ്സം ഉണ്ടായാല്‍ പൊതുഗതാഗതവും ഇതുവഴിയാണ് പോകുന്നത്.
കഴിഞ്ഞ ദിവസം കെഎംആര്‍എല്‍ അധികൃതരും വാഴക്കാല വില്ലേജ് ഓഫീസറും, മെട്രോയ്ക്ക് വിട്ടുകിട്ടിയ സ്ഥലം കമ്പിവേലി കെട്ടി തിരിക്കുവാന്‍ ജെസിബി ഉള്‍പ്പെടെയുള്ള സാമഗ്രികളുമായി പൊലീസ് സന്നാഹത്തോടെയെത്തിയിരുന്നു.
ഇതറിഞ്ഞ് കിഴക്കേക്കര റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വീട്ടമ്മമാര്‍ ഉള്‍പ്പെടെ ശക്തമായ പ്രതിഷേധം നടത്തിയതിനാല്‍ കെട്ടിയ കമ്പിവേലി കെഎംആര്‍എല്ലിനു തന്നെ പൊളിച്ചുമാറ്റേണ്ടി വന്നു.
പൊലീസുകാരും നാട്ടുകാരും തമ്മില്‍ മണിക്കൂറുകളോളം തര്‍ക്കം നടന്നു. ജില്ലാ കളക്ടര്‍ സ്ഥലത്തു വന്നിതിനു ശേഷം കമ്പിവേലി കെട്ടിയാല്‍ മതിയെന്ന നിലപാടായിരുന്നു നാട്ടുകാര്‍.
എഡിഎം രാധാകൃഷ്ണന്‍ നായരുടെ നിര്‍ദേശപ്രകാരം കണയന്നൂര്‍ തഹസില്‍ദാര്‍ വൈകിട്ടോടെ സംഭവസ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും അടച്ചു കെട്ടിയ റോഡ് തുറന്നു കിട്ടണമെന്ന നിലപാടില്‍ തന്നെ നാട്ടുകാര്‍ ഉറച്ചു നിന്നു.
നീതി രഹിതമായ നടപടിക്കാണ് കെഎംആല്‍ മുതിരുന്നതെന്നും അടച്ചുകെട്ടിയ വഴിയുടെ കാര്യത്തില്‍ കളക്ടറുമായി ചര്‍ച്ച നടത്തി വഴി പുനസ്ഥാപിക്കാതെ ഇത്തരത്തിലുള്ള നി!മ്മാണം നടത്തരുതെന്നും സി ആ!ര്‍ നീലകണ്ഠന്‍ ആവശ്യപ്പെട്ടു.
റോഡ് നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും, കെഎംആര്‍എല്‍ അധികൃതര്‍ക്കും റസിഡന്റ്സ്സ് അസോയേഷന്‍ നേരത്തെ നിവേദനം നല്‍കിയിരുന്നു. ജില്ലാ കളക്ടറുമായി ചര്‍ച്ച നടത്തിയ ശേഷം റോഡ് അടച്ചു കെട്ടുന്ന കാര്യം തീരുമാനിക്കാമെന്നും അതുവരെ റോഡ് അടച്ചു കെട്ടിയ കമ്പിവേലി നീക്കം ചെയ്യുവാനും തഹസില്‍ദാര്‍ നിര്‍ദേശം നല്‍കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here