വിരലിൽ കൊരുത്ത ‘പൊടി ചിത്രങ്ങൾ’; 77 -ാം വയസിൽ വ്യത്യസ്ത ചിത്രപ്രദർശനത്തിനൊരുങ്ങി പാലക്കാട് സ്വദേശിനി

പ്രായത്തിന്റെ അവശതകളിൽ ഒതുങ്ങാതെ തന്റെ ഇഷ്ടത്തിനൊപ്പം ചിറകടിച്ചുയരുകയാണ് പാലക്കാട് സ്വദേശിനിയായ വത്സല നാരായണൻ. പെയിന്റിംഗിനെ അത്രമേൽ ഇഷ്ടപ്പെടുന്ന വത്സല അതിൽ വ്യത്യസ്തമായ ഒരു തലം കണ്ടെത്തിയിരിക്കുകയാണ്. ചിത്രങ്ങൾ വരച്ച് അതിന് പല തരത്തിലുള്ള പൊടികൾ കൊണ്ട് നിറം നൽകിയുള്ളതാണ് വത്സലയുടെ കരവിരുത്. വരച്ച ചിത്രങ്ങളെ കോർത്തിണക്കി തന്റെ 77-ാം വയസിൽ ചിത്ര പ്രദർശനത്തിന് ഒരുങ്ങുകയാണ് ഈ അമ്മ.
വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലിൽ പതറിപ്പോകുന്നവർക്ക് പ്രചോദനമാണ് വത്സല നാരായണൻ. തന്റെ മുപ്പതാം വയസിൽ കൊൽക്കത്തയിലെ ഒഴിവു സമയങ്ങളിൽ തുണികൾ പൊടിച്ചെടുത്ത് ചിത്രങ്ങൾക്ക് നിറം പകർന്നായിരുന്നു തുടക്കം. പിന്നീട് മരപ്പൊടി, മണൽ തുടങ്ങിയവയും ഉപയോഗിച്ചു. പലപ്പോഴായി ശേഖരിച്ചുവെച്ച മരപ്പൊടിയും തുണി പൊടിച്ചെടുത്തതും മണലും ഉപയോഗിച്ച് ചിത്രങ്ങൾക്ക് നിറം നൽകി. അറുപത് വയസിന് ശേഷമാണ് വത്സല ഈ രംഗത്ത് സജീവമാകുന്നത്. നിലവിൽ ഗ്ലാസ് പെയിന്റും ഉപയോഗിക്കുന്നുണ്ട്.
തൃശൂർ ലളിതകലാ അക്കാദമിയിൽ നടക്കുന്ന ചിത്രപ്രദർശനത്തിൽ ഇത്തരത്തിൽ അറുപതോളം ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുക. ജൂലൈ പതിനെട്ട് മുതൽ 22 വരെയാണ് ചിത്രപ്രദർശനം നടക്കുക. ലളിതകലാ അക്കാദമി പൊന്ന്യൻ ചന്ദ്രനാണ് ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്യുന്നത്. ആർട്ടിസ്റ്റ് കെ എൻ ദാമോദരൻ മുഖ്യാതിഥിയാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here