യൂണിവേഴ്‌സിറ്റി കോളെജിൽ വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവം; പരാതിയിൽ ഉറച്ച് നിൽക്കുന്നതായി പിതാവ്

യൂണിവേഴ്‌സിറ്റി കോളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി അഖിലിന് കുത്തേറ്റ സംഭവത്തിൽ പരാതിയിൽ ഉറച്ച് നിൽക്കുന്നതായി പിതാവ് ചന്ദ്രൻ. പരാതിയുമായി മുന്നോട്ട് പോകാൻ സിപിഐഎം നേതൃത്വം നിർദേശിച്ചു. നിയമപരമായി തന്നെ നേരിടണമെന്നുംപ്രതികളെ സംരക്ഷിക്കില്ലെന്നും നേതൃത്വം പറഞ്ഞതായി ചന്ദ്രൻ 24 നോട് പറഞ്ഞു. ആന്തരിക രക്തസ്രാവത്തെ തുടർന്ന് അഖിലിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി.
അഖിലും പിതാവും ഉൾപ്പടെ സിപിഐഎം പാർട്ടി കുടുംബത്തിൽ നിന്നുള്ളവരാണ്. സിപിഐഎം തിരുവനന്തപുരം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ, മുൻ എംഎൽ എ വി ശിവൻകുട്ടി, മുൻ മേയർ ജയൻബാബു അടക്കമുള്ള നേതാക്കൾമെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി അഖിലിനെ സന്ദർശിച്ചു. ആരോഗ്യ നില സംബന്ധിച്ച് അഖിലിന്റെ പിതാവ് ചന്ദ്രനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പ്രതികളെ സംരക്ഷിക്കില്ലെന്ന് നേതാക്കൾ ഉറപ്പ് നൽകിയതായി പറഞ്ഞു
കോളേജിൽ ബൈക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു വർഷം മുമ്പ് നടന്ന സംഭവത്തെ തുടർന്നാണ് യൂണിറ്റ് കമ്മിറ്റി അംഗങ്ങൾക്ക് അഖിലിനോട് വൈരാഗ്യം ഉണ്ടായത്. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ശസ്ത്രക്രിയ വേണ്ടി വന്ന അഖിലിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യ നിലയിൽ നേരിയ പുരോഗതി മാത്രമാണ് ഉണ്ടായതെന്ന് ഡോക്ടർമാർ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here