Advertisement

രാജ്യത്ത് മത്തിയുടെ ലഭ്യതയില്‍ വന്‍ ഇടിവെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട്

July 13, 2019
1 minute Read

മത്തിയുടെ ലഭ്യതയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ വാര്‍ഷിക പഠന റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തേക്കാള്‍ 54 ശതമാനമാണ് രാജ്യത്ത് മത്തി ലഭ്യത കുറഞ്ഞത്. എന്നാല്‍ ഇതുമൂലം സംസ്ഥാനത്ത് അയല ഗണ്യമായി കൂടിയതായും സിഎംഎഫ്ആര്‍ഐ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.

കഴിഞ്ഞവര്‍ഷം ഇന്ത്യയിലാകെ മുന്‍വര്‍ഷത്തേക്കാള്‍ 54 ശതമാനം മത്തി ലഭ്യത കുറഞ്ഞു. കേരളത്തിലെ കുറവ് 39 ശതമാനമാണ്. 2017ല്‍ ലഭിച്ചതിനേക്കാള്‍ ഏകദേശം അമ്പതിനായിരം ടണ്‍ കുറഞ്ഞ് ആകെ 77,093 ടണ്‍ മത്തിയാണ് കേരളത്തില്‍ കഴിഞ്ഞവര്‍ഷം ലഭിച്ചത്. പോയവര്‍ഷം 6.42 ലക്ഷം ടണ്‍ മത്സ്യമാണ് സംസ്ഥാനത്ത് പിടിച്ചത്. മുന്‍വര്‍ഷം ഇത് 5.85 ലക്ഷം ടണ്‍ ആയിരുന്നു. കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് പിടിച്ച മീനുകളുടെ കണക്ക് വെള്ളിയാഴ്ചയാണ് സിഎംഎഫ്ആര്‍ഐ പുറത്തുവിട്ടത്.

മത്തി കുറഞ്ഞപ്പോള്‍ സംസ്ഥാനത്ത് അയല ഗണ്യമായി കൂടി. മുന്‍ വര്‍ഷത്തേക്കാള്‍ 142 ശതമാനമാണ് വര്‍ധനവ്. ദേശീയതലത്തിലും അയലയാണ് ഒന്നാം സ്ഥാനത്ത്. അയലയ്ക്ക് പുറമേ, കൊഴുവ, കിളിമീന്‍, ചെമ്മീന്‍, കൂന്തല്‍-കണവ എന്നിവയും കേരളത്തില്‍ കൂടി. ഒന്നാം സ്ഥാനത്തായിരുന്ന മത്തി ദേശീയതലത്തില്‍ ഒമ്പതാം സ്ഥാനത്തേക്ക് കൂപ്പു കുത്തിയതും പശ്ചിമബംഗാള്‍, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ മത്സ്യലഭ്യത കുറഞ്ഞതുമാണ് രാജ്യത്തെ മൊത്തം മത്സ്യലഭ്യതയില്‍ ഇടിവ് വന്നത്.

അതേ സമയം കേരളം ഇക്കുറിയും മത്സ്യോല്‍പ്പാദനത്തില്‍ രാജ്യത്ത് മൂന്നാമതാണ്. ഗുജറാത്ത് ഒന്നാം സ്ഥാനത്തും ആകെ മത്സ്യോല്‍പ്പാദനത്തിന്റെ 25 ശതമാനമാണ് കേരളത്തില്‍ നിന്ന് കിട്ടിയത്. സിഎംഎഫ്ആര്‍ഐയിലെ ഫിഷറി റിസോഴ്‌സസ് അസസ്‌മെന്റ് വിഭാഗമാണ് പുതുതായി നിലവില്‍ വന്ന ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തി കണക്കുകള്‍ തയ്യാറാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top