കോഴിക്കോട് ഓമശ്ശേരിയിൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി കവർച്ച; ഒരാൾ പിടിയിൽ

കോഴിക്കോട് ഓമശ്ശേരിയിൽ സ്വർണ വ്യാപാര സ്ഥാപനത്തിൽ നിന്ന് തോക്കുചൂണ്ടി സ്വർണം കവർന്നു. ശാദി ഗോൾഡ് ജ്വല്ലറിയിലാണ് കവർച്ച നടന്നത്. കവർച്ചാ സംഘത്തിൽ ഉണ്ടായിരുന്ന ഒരാളെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. 15 വളകൾ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. ഇതര സംസ്ഥാനക്കാരായ 3 പേരടങ്ങുന്ന സംഘമാണ് ജ്വല്ലറിയിൽ എത്തിയത്.
ഇതിൽ രണ്ടു പേർ ഓടി രക്ഷപ്പെട്ടു. ഒരാളെ സ്ഥാപനത്തിലെ തൊഴിലാളികൾ നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു.മൽപ്പിടുത്തത്തിനിടയിൽ പരിക്കേറ്റ മോഷ്ടാവിന് ബോധം നഷ്ടമായിരുന്നു. ഇയാളെ പിന്നീട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരു തോക്ക്, കത്തി, മൊബൈൽ ഫോൺ എന്നിവ ഇയാളിൽ നിന്ന് പിടികൂടിയിട്ടുണ്ട്. തോക്ക് ലോഡ് ചെയ്ത നിലയിലായിരുന്നു. പിടിവലിക്കിടയിൽ തോക്ക് പൊട്ടാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. മൽപ്പിടുത്തത്തിനിടെ 3 ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്. അതേ സമയം രക്ഷപ്പെട്ട രണ്ട് പേർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഇവർ അധിക ദൂരം പോകാൻ സാധ്യതയില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ജ്വല്ലറിയിലെയും സമീപത്തെ കടകളിലെയും സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here