ചരിത്രം കുറിച്ച് ദിവ്യ; ഗ്രാൻഡ്മാസ്റ്റർ പദവി നേടുന്ന നാലാമത്തെ ഇന്ത്യൻ വനിത താരം

FIDE ചെസ്സ് ലോകകപ്പ് കിരീട ജേതാവായതോടെ ഗ്രാൻഡ്മാസ്റ്റർ പദവി കൂടി സ്വന്തമാക്കിയിരിക്കുകയാണ് പത്തൊമ്പതുകാരിയായ ദിവ്യ ദേശ്മുഖ്. ഇന്ത്യയുടെ തന്നെ കൊനേരു ഹംപിയെ ടൈബ്രേക്കറിൽ പരാജയപ്പെടുത്തിക്കൊണ്ടാണ് ദിവ്യ ലോകകപ്പ് കിരീടവും, ഗ്രാൻഡ്മാസ്റ്റർ പദവിയും സ്വന്തമാക്കിയത്. ഗ്രാൻഡ്മാസ്റ്റർ പദവി നേടുന്ന നാലാമത്തെ വനിതാ താരവും, രാജ്യത്തിന്റെ എൺപത്തിയെട്ടാം താരവുമാണ് ഈ ചെറുപ്പക്കാരി. 2002ൽ കൊനേരു ഹംപി, 2011ൽ ഹാരിക ദ്രോണവല്ലി, 2024ൽ വൈശാലി രമേശ്ബാബു എന്നിവരാണ് ഗ്രാൻഡ്മാസ്റ്റർ പദവി നേടിയ മാറ്റ് ഇന്ത്യൻ വനിതാ താരങ്ങൾ.
2002ൽ തന്റെ പതിനഞ്ചാം വയസ്സിൽ കൊനേരു ഹംപി ഗ്രാൻഡ്മാസ്റ്റർ പദവി സ്വന്തം പേരിൽ കുറിക്കുമ്പോൾ ദിവ്യ ദേശ്മുഖ് ജനിച്ചിട്ടുപ്പോലും ഇല്ല. അന്ന് ഈ നേട്ടം സ്വന്തമാക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതയും, ആദ്യ ഇന്ത്യൻ വനിതയും ഹംപിയായിരുന്നു. എന്നാൽ അതെ ഹംപിയെ പരാചയപ്പെടുത്തിക്കൊണ്ടാണ് ദിവ്യ ഗ്രാൻഡ്മാസ്റ്റർ ആയിരിക്കുന്നത്.
FIDE വനിതാ റേറ്റിങ് പട്ടികയിൽ നിലവിൽ ദിവ്യ 18-ാം സ്ഥാനത്തും, കൊനേരു ഹംപി അഞ്ചാം സ്ഥാനത്തുമാണ് ഉള്ളത്. പരിചയസമ്പത്തിനൊപ്പം നിലവിലെ റാപ്പിഡ് ലോകചാമ്പ്യനെന്ന നേട്ടവും കൊനേരു ഹംപിക്ക് മുൻതൂക്കാം നൽകുന്ന ഘടകങ്ങൾ ആയിരുന്നു. എന്നാൽ, അതെല്ലാം മറികടന്നുകൊണ്ട് ദിവ്യ ചെസ്സ് ലോകകപ്പും, ഗ്രാൻഡ്മാസ്റ്റർ പദവിയും സ്വന്തമാക്കി.
Story Highlights : Divya Deshmukh become Fourth Indian woman to achieve Grandmaster status
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here