‘പ്രധാനമന്ത്രിയും ട്രംപും തമ്മിൽ ഒരു സംഭാഷണവും നടന്നിട്ടില്ല’; മധ്യസ്ഥ വാദം എസ് ജയ്ശങ്കർ

ഇന്ത്യാ- പാക് സംഘർഷത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥവാദം തള്ളി കേന്ദ്രസർക്കാർ പാർലമെന്റിൽ. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ലോക്സഭയിലെ ചർച്ചയിലാണ് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രിയും ഡൊണാൾഡ് ട്രംപും തമ്മിൽ ഒരു സംഭാഷണവും നടന്നിട്ടില്ലെന്നും പാകിസ്താനെ ആഗോളതലത്തിൽ തുറന്നുകാട്ടി എന്നും ജയശങ്കർ പറഞ്ഞു.
ഭീകരവാദത്തിന് പിന്നിലെ പാകിസ്താന്റെ പങ്ക് തുറന്നു കാട്ടി. ഭീകരവാദത്തിനെതിരെ ശക്തമായ പോരാട്ടമാണ് ലക്ഷ്യം. പാകിസ്താന്റെ ആണവ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ല. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ലോകരാജ്യങ്ങൾ ഇന്ത്യയ്ക്ക് ഒപ്പം നിന്നു. യു .എൻ സുരക്ഷാ അംഗങ്ങൾ അപലപിച്ചെന്നും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ പറഞ്ഞു.
രാഹുൽ ഗാന്ധിയെ ഉന്നം വെച്ച് പരോക്ഷ വിമർശനവും ജയശങ്കർ നടത്തി. താൻ ചൈനയിൽ പോയിട്ടുണ്ട്. തന്റെ ചൈനീസ് സന്ദർശനത്തിന് വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. തന്റെ ചൈനീസ് സന്ദർശത്തെ പലരും വിമർശിച്ചു. സൈനിക പിന്മാറ്റം, വ്യാപാരം, ഭീകരവാദം എന്നിവ ചർച്ച ചെയ്യാനാണ് ചൈനയിലേക്ക് പോയത്. എന്നാൽ ഒളിമ്പിക്സ് കാണാനും രഹസ്യ ധാർണകൾക്കും അല്ല താൻ ചൈനയിൽ പോയതെന്ന് എസ് ജയ്ശങ്കർ പറഞ്ഞു.
ഇതിനിടെ വിദേശകാര്യ മന്ത്രി സംസാരിയ്ക്കുന്നതിനിടെ ചോദ്യങ്ങളുമായെത്തിയ പ്രതിപക്ഷത്തോട് ആഭ്യന്തര മന്ത്രി അമിത്ഷാ ക്ഷുഭിതനായി. രാജ്യത്തിന്റെ വിദേശകാര്യമന്ത്രി സംസാരിയ്ക്കുമ്പോൾ അത് കേൾക്കണമെന്ന് മന്ത്രി പ്രതിപക്ഷത്തോട് പറഞ്ഞു. പ്രതിപക്ഷം അസത്യം പറയുമ്പോൾ പോലും ഭരണപക്ഷം നിശബ്ദരായി കേൾക്കുന്നു. ബഹളമുണ്ടാക്കാൻ എല്ലാവർക്കും കഴിയുമെന്ന് അമിത് ഷാ പ്രതിപക്ഷത്തെ വിമർശിച്ചുകൊണ്ട് പറഞ്ഞു.
വിദേശ പര്യടനം നടത്തിയ സർവ്വകക്ഷി സംഘത്തെ എസ് ജയശങ്കർ അഭിനന്ദിച്ചു. 7 സംഘങ്ങളും അഭിമാനകരമായി പ്രവർത്തിച്ചു. ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലെന്ന് നിലപാട് ആഗോളതലത്തിൽ പ്രതിഫലിപ്പിക്കാൻ സംഘത്തിനായി എന്ന് എസ് ജയശങ്കർ പറഞ്ഞു.
Story Highlights : EAM Jaishankar Denies Trump Mediation in India-Pakistan conflict
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here