വില്ല്യംസണും നിക്കോളാസും പുറത്ത്; ന്യൂസിലൻഡ് പൊരുതുന്നു

ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് ഫൈനൽ മത്സരത്തിൽ ന്യൂസിലൻഡ് പൊരുതുന്നു. വിക്കറ്റുകളാണ് ന്യൂസിലൻഡിനു നഷ്ടമായത്. തുടത്തിൽ മാർട്ടിൻ ഗപ്റ്റിലിനെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ കെയിൻ വില്ല്യംസണും ഹെൻറി നിക്കോളാസും ചേർന്ന കൂട്ടുകെട്ട് കിവീസിനെ കരകയറ്റുകയായിരുന്നു. ഇരുവരും പുറത്തായതോടെ ന്യൂസിലൻഡ് വീണ്ടും സമ്മർദ്ദത്തിലായിട്ടുണ്ട്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കിവീസ് നന്നായിത്തുടങ്ങി. ആക്രമിച്ചു കളിച്ച് തുടങ്ങിയ ഗപ്റ്റിൽ വേഗത്തിൽ സ്കോർ ചെയ്തു. മറുവശത്ത് ഹെൻറി നിക്കോളാസ് താളം കണ്ടെത്താൻ ബുദ്ധിമുട്ടിയെങ്കിലും മികച്ച ഷോട്ടുകളിലൂടെ സ്കോർ ഉയർത്തിയ ഗപ്റ്റിലിലൂടെ കിവീസിന് മികച്ച തുടക്കം ലഭിച്ചു. എന്നാൽ ഏഴാം ഓവറിൽ വോക്സ് ഗപ്റ്റിലിനെ പുറത്താക്കി ന്യൂസിലൻഡിന് കനത്ത പ്രഹരമേല്പിച്ചു. അമ്പയറുടെ തീരുമാനത്തെ അദ്ദേഹം ചലഞ്ച് ചെയ്തെങ്കിലും ഡിആർഎസ് റിവ്യൂവിലും ഔട്ടാണെന്ന് തെളിഞ്ഞതോടെ ഗപ്റ്റിൽ പുറത്താവുകയായിരുന്നു.
ഗപ്റ്റിൽ പുറത്തായതിനു പിന്നാലെ ഹെൻറി നിക്കോളാസ് സ്കോറിംഗ് ഉത്തരവാദിത്തം ഏറ്റെടുത്തു. നിക്കോളാസിന് വില്ല്യംസൺ മികച്ച പങ്കാളിയായതോടെ ന്യൂസിലൻഡ് അപകടനില തരണം ചെയ്തു. സാവധാനത്തിലെങ്കിലും ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 74 റൺസാണ് കൂട്ടിച്ചേർത്തത്. 23ആം ഓവറിൽ വില്ല്യംസൺ പുറത്തായതോടെ ഈ കൂട്ടുകെട്ട് പൊളിഞ്ഞു. 30 റൺസെടുത്ത വില്ല്യംസണെ ലിയാം പ്ലങ്കറ്റ് ജോസ് ബട്‌ലറുടെ കൈകളിലെത്തിച്ചു.
71 പന്തുകളിൽ അർദ്ധസെഞ്ചുറി കുറിച്ചെങ്കിലും നിക്കോളാസിന് അധികം ആയുസുണ്ടായില്ല. പ്ലങ്കറ്റ് വീണ്ടും തന്നെയാണ് കിവീസിനു പ്രഹരമേല്പിച്ചത്. 27ആം ഓവറിൽ പ്ലങ്കറ്റിൻ്റെ പന്തിൽ നിക്കോളാസ് പ്ലെയ്ഡ് ഓണായി. 55 റൺസെടുത്താണ് നിക്കോളാസ് പുറത്തായത്.
31 ഓവർ അവസാനിക്കുമ്പോൾ ന്യൂസിലൻഡ് 3 വിക്കറ്റ് നഷ്ടത്തിൽ 130 റൺസാണ് നേടിയിരിക്കുന്നത്. 11 റൺസെടുത്ത റോസ് ടെയ്‌ലറും 7 റൺസെടുത്ത ടോം ലതവുമാണ് ക്രീസിൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here