ജലോത്സവക്കാലത്തിനു തുടക്കം കുറിച്ച് ഇന്ന് ചമ്പക്കുളം മൂലം വള്ളംകളി

മലയാളക്കരയുടെ ജലോല്‍സവ കാലത്തിനു തുടക്കമിട്ട് ഇന്ന് ചമ്പക്കുളം മൂലം വള്ളംകളി നടക്കും. ആറ് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 21 വളളങ്ങള്‍ മല്‍സരത്തില്‍ മാറ്റുരയ്ക്കും. ഉച്ചയ്ക്ക് 2.30നു തുടങ്ങുന്ന മല്‍സരങ്ങള്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
വെള്ളവും, വള്ളവും, വള്ളംകളിയുമാണ് ആലപ്പുഴയുടെ മുഖമുദ്ര. ജലോല്‍സവത്തിന്റെ ആവേശവും, വഞ്ചിപ്പാട്ടിന്റെ താളവും നിറഞ്ഞ ആലപ്പുഴയില്‍, ജലരാജാക്കന്‍മാരുടെ മറ്റൊരു മല്‍സരകാലത്തിന് തുടക്കം കുറിച്ച് കൊണ്ടാണ് ചമ്പക്കുളം മൂലം വള്ളം കളിക്ക് ഇന്ന് തുടക്കമാകുന്നത്. കുറിച്ചി ക്ഷേത്രത്തില്‍ നിന്നും അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക്, ജലഘോഷയാത്രയായി പ്രതിഷ്ഠാ വിഗ്രഹം കൊണ്ടുപോയതിന്റെ സ്മരണ പുതുക്കലാണ് മൂലം വളളംകളി.
മിഥുന മാസത്തിലെ മൂലം നാളില്‍ ക്രമീകരിക്കുന്ന ജല മേളയോടെ കേരളത്തിലെ ജലോസവങ്ങള്‍ക്കുടിയാണ് തുടക്കമാകുന്നത്. ചുണ്ടന്‍, ഇരുട്ടുകുത്തി ,വെപ്പ് തുടങ്ങി 21 വള്ളങ്ങള്‍ മത്സരത്തിനുണ്ടാകും. നടുഭാഗം, ചമ്പക്കുളം ചുണ്ടന്‍, കാരിച്ചാല്‍ ചുണ്ടന്‍ , ചെറുതന , ആയാപറമ്പ് വലിയ ദിവാന്‍ജി, ദേവാസ് എന്നിവ ഇത്തവണ ചുണ്ടന്‍ വളളങ്ങളിലെ വേഗത്തിന്റെ തുഴയെറിഞ്ഞ് മാറ്റുരയ്ക്കും.
ഉച്ചയ്ക്ക് രണ്ടിനു നടക്കുന്ന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചുമണിയോടെയാണ് ഫൈനല്‍ മല്‍സരങ്ങള്‍ തുടങ്ങുക. ഏതായാലും ഓളപ്പരപ്പുകളില്‍ ആവേശത്തിന്റെ വേലിയേറ്റം തീര്‍ത്ത് മറ്റൊരു ജലോല്‍സവ കാലത്തെ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കാത്തിരിക്കുകയാണ് ആലപ്പുഴയും, കേരളക്കരയും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here