ഇന്ത്യൻ ഫുട്ബോളിലെ അഴിമതിക്കെതിരെ ബാനർ ഉയർത്തിയ ആരാധകരെ കയ്യേറ്റം ചെയ്ത് എഐഎഫ്എഫ് ഭാരവാഹികൾ

ഇന്ത്യൻ ഫുട്ബോളിലെ അഴിമതിക്കെതിരെ ഗാലറിയിൽ ബാനർ ഉയർത്തിയ ആരാധകരെ കയ്യേറ്റം ചെയ്ത് എഐഎഫ്എഫ് ഭാരവാഹികൾ. കഴിഞ്ഞ ദിവസം ഇന്ത്യയും കൊറിയയും തമ്മിൽ നടന്ന ഇന്ത്യൻ കോണ്ടിനൻ്റൽ കപ്പിലായിരുന്നു സംഭവം. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ആരാധക കൂട്ടമായ ‘ബ്ലൂ പിൽഗ്രിംസ് വെച്ച ബാനറാണ് ഫുട്ബോൾ ഫെഡറേഷനെ ചൊടിപ്പിച്ചത്.
ഐഎസ്എലിൻ്റെ വരവോടെ റിലയൻസ് ഇന്ത്യൻ ഫുട്ബോളിൽ നടത്തുന്ന ഇടപെടലുകളിലായിരുന്നു ആരാധകരുടെ പ്രതിഷേധം. ഫുട്ബോളല്ല, പണമാണ് ഇവിടെ കാര്യം എന്ന് അർത്ഥം വരുന്ന ബാനറാണ് അവർ ഗാലറിയിൽ ഉയർത്തിയത്. ഇതേ തുടർന്നാണ് എഐഎഫ്എഫ് ഭാരവാഹികൾ ആരാധകർക്കെതിരെ തിരിഞ്ഞത്. ബാനർ നീക്കം ചെയ്യാനും ആരാധകരെ കയ്യേറ്റം ചെയ്യാനും ശ്രമിച്ച സംഘാടകർ ഈ ബാനർ വെച്ച ആരാധകരെ എന്നേക്കുമായി സ്റ്റേഡിയത്തിൽ നിന്ന് വിലക്കുമെന്നും ഭീഷണി മുഴക്കി. ആരാധകരുടെ ഫോണുകൾ തകർക്കാനും സംഘാടകർ ശ്രമിച്ചു.
ഗാലറിയിൽ പ്രതിഷേധത്തിൻ്റെ ബാനർ ഉയർത്താൻ പോലും സാധിക്കാത്ത അവസ്ഥയാണോ ഇന്ത്യയിലുള്ളതെന്നാണ് ആരാധകരുടെ ചോദ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here