‘അനന്തരം’ തുണയായി; ആളെ തിരിച്ചറിയാനാകാതെ പൊലീസ് അനാഥാലയത്തിലാക്കിയിരുന്ന സന്തോഷ്കുമാറിനെ തേടി ബന്ധുക്കളെത്തി

സ്വന്തം പേരോ മേൽവിലാസമോ പോലും ഓർമ്മയില്ലാത്ത നിലയിൽ രണ്ടരമാസം മുമ്പ് പൊലീസ് ചങ്ങനാശ്ശേരി ചെത്തിപ്പുഴ രക്ഷാഭവനിലാക്കിയ സന്തോഷ് കുമാറിന് ഫ്ളവേഴ്സ് ടിവിയുടെ ‘അനന്തരം’ തുണയായി. ‘അനന്തരം’ തത്സമയ പരിപാടിയിൽ ചങ്ങനാശ്ശേരി ജംഗ്ഷൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ ചെത്തിപ്പുഴ രക്ഷാഭവനിൽ വസ്ത്രങ്ങൾ സൗജന്യമായി നൽകുന്ന ദൃശ്യങ്ങളിൽ നിന്നാണ് മാന്നാർ സ്വദേശി സന്തോഷ് കുമാറിനെ ബന്ധുക്കൾ തിരിച്ചറിഞ്ഞത്. രക്ഷാ ഭവനിലെ അന്തേവാസികൾക്കുള്ള വസ്ത്രവിതരണത്തിനിടെ ക്യാമറയിൽ അവിചാരിതമായി പതിഞ്ഞ സന്തോഷ്കുമാറിനെ ടിവി കണ്ടുകൊണ്ടിരുന്ന ബന്ധുക്കൾ തിരിച്ചറിഞ്ഞു. തുടർന്ന് ഇവർ രക്ഷാഭവൻ അധികൃതരെ ബന്ധപ്പെടുകയായിരുന്നു.
മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച് റോഡരികിൽ കണ്ടെത്തിയ സന്തോഷ് കുമാറിനെ രണ്ടരമാസം മുമ്പാണ് ചങ്ങനാശ്ശേരി പൊലീസ് ചെത്തിപ്പുഴ രക്ഷാഭവനിൽ ഏൽപ്പിച്ചത്. പൊലീസിനോട് എൽദോ എന്നാണ് പേരെന്നാണ് ഇയാൾ പറഞ്ഞിരുന്നത്. സന്തോഷ് കുമാറിനെ കാണാതായതിന് പിന്നാലെ തന്നെ ഇതു സംബന്ധിച്ച് ബന്ധുക്കൾ മാന്നാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും ചങ്ങനാശ്ശേരി പൊലീസിനോട് എൽദോ എന്ന പേര് പറഞ്ഞിരുന്നതിനാൽ പൊലീസിന് ആളെ തിരിച്ചറിയാനായില്ല.
Read Also; ‘അനന്തരം’: മഹാരോഗങ്ങളോട് പൊരുതുന്നവര്ക്ക് നേരേ നീട്ടാം ഒരു സഹായഹസ്തം
തുടർന്ന് രണ്ടരമാസത്തോളമായി രക്ഷാ ഭവനിൽ മറ്റ് അന്തേവാസികൾക്കൊപ്പം കഴിഞ്ഞു വരുകയായിരുന്നു സന്തോഷ്കുമാർ. അനന്തരം പരിപാടിക്കിടെ സന്തോഷ് കുമാറിന്റെ ചിത്രം കണ്ട് തിരിച്ചറിഞ്ഞ ബന്ധുക്കൾ ഉടൻ തന്നെ രക്ഷാ ഭവൻ അധികൃതരെയും പൊലീസിനെയും ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ ഇന്നലെ പൊലീസിനൊപ്പമെത്തിയാണ് സന്തോഷ് കുമാറിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയത്. ഇതിന് അവസരമൊരുക്കിയ ഫ്ളവേഴ്സ് ടിവിക്കും ചങ്ങനാശ്ശേരി ജംഗ്ഷൻ കൂട്ടായ്മയ്ക്കും നന്ദി പറഞ്ഞാണ് അവർ മടങ്ങിയത്.
മഹാരോഗങ്ങളോട് പൊരുതി ജീവിതം മുഴുവൻ ദുരിതങ്ങൾ പേറിയവർക്ക് സാമ്പത്തിക സഹായങ്ങൾ ഉൾപ്പെടെ ചെയ്തു കൊടുക്കുന്ന പരിപാടിയാണ് ഫ്ളവേഴ്സ് ടിവിയുടെ അനന്തരം. നിരവധിയാളുകളാണ് അനന്തരത്തിലേക്ക് സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്. കിടപ്പിലായ രോഗികൾക്ക് വീൽചെയർ നൽകിയും വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനാകേണ്ടയാൾക്ക് വൃക്ക തന്നെ നൽകിയും നിരവധിയാളുകൾ പരിപാടിയുടെ ഭാഗമായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here