യൂണിവേഴ്‌സിറ്റി കോളേജ് സംഭവം; പരീക്ഷാ സെന്ററുകൾ അനുവദിച്ചതിൽ ക്രമക്കേടില്ലെന്ന് പിഎസ്‌സി ചെയർമാൻ

യൂണിവേഴ്‌സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ച കേസിലെ മൂന്നു പേരും പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടതിൽ അന്വേഷണം നടത്തുമെന്ന് പിഎസ്‌സി ചെയർമാൻ. പിഎസ്‌സി വിജിലൻസ് അന്വേഷണം നടത്തുമെന്നും റിപ്പോർട്ട് വരുന്നതുവരെ ഇവർക്ക് നിയമന ശിപാർശ നൽകില്ലെന്നും പിഎസ്‌സി ചെയർമാൻ എംകെ സക്കീർ പറഞ്ഞു.
ഒരു മാസത്തിനകം ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകണമെന്നും സർട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധിക്കുമെന്നും ചെയർമാൻ പറഞ്ഞു.
പരീക്ഷയുടെ മാർക്ക് നോക്കി സംശയിക്കാൻ പിഎസ്‌സിക്ക് സാധിക്കില്ല. ശിവരഞ്ജിത്തിനും, നസീമിനും ആനുകൂല്യങ്ങൾ നൽകിയിട്ടില്ലെന്നും പിഎസ്‌സിയുടെ വിശ്വാസ്യത തകർക്കുന്ന പ്രചരണങ്ങൾ നടത്തരുതെന്നും എംകെ സക്കീർ പറഞ്ഞു.
അപേക്ഷിക്കുന്നയാളിന്റെ മറ്റു കാര്യങ്ങൾ ആദ്യ ഘട്ടത്തിൽ പി.എസ്.സി അന്വേഷിക്കില്ല. 2017 ലെ നോട്ടിഫിക്കേഷൻ അനുസരിച്ച് ജില്ലാതല ഓപ്ഷൻ നൽകാൻ അവസരമുണ്ടായിരുന്നു. 2989 പേരാണ് തിരുവനന്തപുരം ജില്ലയിലേക്ക് ഓപ്ഷൻ നൽകിയത്. സെന്റർ നൽകിയതിൽ ക്രമക്കേടില്ലെന്നും പിഎസ്‌സി ചെയർമാൻ പറഞ്ഞു.
വിവിധ ബറ്റാലിയനിൽ അപേക്ഷിച്ച 16540 പേർ തിരുവനന്തപുരത്ത് എഴുതുകയും ചെയ്തു. പരീക്ഷാ കേന്ദ്രങ്ങളിൽ ക്രമക്കേട് നടന്നിട്ടില്ല. റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോൾ പോലീസ് വെരിഫിക്കേഷനില്ലെന്നും ക്രിമിനൽ കേസുണ്ടെങ്കിൽ നിയമനം നിരസിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും ചെയർമാൻ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here