ഇന്ത്യയിൽ നിന്നും ഹജ്ജ് തീർത്ഥാടകരുടെ ഒഴുക്ക് തുടരുന്നു

ഇന്ത്യയിൽ നിന്നും ഹജ്ജ് തീർത്ഥാടകരുടെ ഒഴുക്ക് തുടരുന്നു. അര ലക്ഷത്തോളം തീർത്ഥാടകർ ഇതുവരെ സൗദിയിൽ എത്തി. മദീനയിലുള്ള മലയാളി തീർത്ഥാടകർ മക്കയിലേക്ക് നീങ്ങി തുടങ്ങി.
ഇന്ത്യയിൽ നിന്നും ഇതുവരെ നാൽപ്പത്തിയെട്ടായിരത്തോളം പേർ ഹജ്ജിനെത്തി. കേരളത്തിൽ നിന്നും പതിനായിരത്തോളം തീർത്ഥാടകരാണ് സൗദിയിൽ എത്തിയത്. മദീനയിൽ നിന്നും മക്കയിലേക്കുള്ള ഇന്ത്യൻ തീർത്ഥാടകരുടെ യാത്ര തുടരുകയാണ്. മദീനയിൽ വിമാനമിറങ്ങിയ തീർത്ഥാടകർ എട്ടു ദിവസത്തെ സന്ദർശനം പൂർത്തിയാക്കിയാണ് മക്കയിലേക്ക് നീങ്ങുന്നത്. മദീനയിൽ ആയിരുന്ന മലയാളി തീർത്ഥാടകരും മക്കയിലേക്ക് നീങ്ങി തുടങ്ങി. ഏറ്റവും പുതിയ മോഡൽ ബസുകൾ ആണ് ഇന്ത്യൻ തീർത്ഥാടകരുടെ യാത്രയ്ക്കായി ഉപയോഗിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകർക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ഷെയ്ഖ് പറഞ്ഞു. മെച്ചപ്പെട്ട ആരോഗ്യ പരിചരണം മക്കയിലും മദീനയിലും തീർത്ഥാടകർക്ക് നൽകുന്നുണ്ട്.
ഇന്ത്യൻ തീർത്ഥാടകരുടെ സർവീസ് ഏജൻസി പ്രതിനിധികളുമായി കോൺസുൽ ജനറൽ ഉൾപ്പെടെയുള്ള ഇന്ത്യൻ ഹജ്ജ് മിഷൻ പ്രതിനിധികൾ ചർച്ച നടത്തി. ഇതുവരെ തീർത്ഥാടകർക്കിടയിൽ പകർച്ചവ്യാധി രോഗങ്ങൾ ഒന്നും കണ്ടെത്താനായില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ സൗദിയിൽ എത്തുന്ന തീർത്ഥാടകർക്ക് മെനിഞ്ചറ്റിസ്, മഞ്ഞപ്പനി, പോളിയോ എന്നിവയ്ക്കുള്ള പ്രതിരോധ കുത്തിവെപ്പ് നൽകുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here