നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; രാജ്കുമാറിനെ കസ്റ്റഡിയിൽ എടുത്തത് എസ്പിയുടെ നിർദേശപ്രകാരമെന്ന് എസ്‌ഐ സാബു

എസ്പിയുടെ നിർദ്ദേശപ്രകാരമാണ് രാജ്കുമാറിനെ കസ്റ്റഡിയിൽ എടുത്തതെന്ന് എസ്‌ഐ സാബുവിന്റെ മൊഴി. രാജ്കുമാറിനെ ചോദ്യം ചെയ്തതും എസ്പിയുടെ നിർദേശപ്രകാരമാണ്. എസ്പിയുടെ നിർദേശപ്രകാരം സഹപ്രവർത്തകരാണ് ചോദ്യം ചെയ്തതെന്നും എസ്‌ഐയുടെ മൊഴിയിൽ പറയുന്നു.
ഡിവൈഎസ്പിക്കും അറസ്റ്റ് വിവരം അറിയാമായിരുന്നു. രാജ്കുമാറിനെ കസ്റ്റഡിയിൽ എടുക്കുമ്പോൾ താൻ സ്റ്റേഷനിൽ ഇല്ലായിരുന്നു. ജാമ്യം തേടി തൊടുപുഴ കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് എസ്‌ഐയുടെ വാദം.നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ സാബു ഉൾപ്പെടെയുള്ള പൊലീസുദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
അതേസമയം, കേസിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചു. പീരുമേട് സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ മാർട്ടിൻ ബോസ്‌കോയെ സസ്പെൻഡ് ചെയ്തു. ഒരു താൽക്കാലിക വാർഡനെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. ജയിലിലെത്തുമ്പോൾ അവശനിലയിലായിരുന്ന രാജ്കുമാറിന് വൈദ്യസഹായം നൽകുന്നതിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ജയിൽ ചട്ടങ്ങൾ നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും കാര്യങ്ങൾ മേലുദ്യോഗസ്ഥരെ അറിയിക്കുന്നതിൽ ഉദ്യോഗസ്ഥർ അലസത കാട്ടിയെന്നും ജയിൽ ഡിഐജി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here