അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ തലപ്പത്ത് ഇത്തവണയും മലയാളി സാന്നിദ്ധ്യം

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നടന്ന മത്സരത്തിൽ മലയാളി സുമോദ് ദാമോദറിന് ഇത്തവണയും വിജയം. തുടർച്ചയായി രണ്ടാം തവണയാണ് സുമോദ് ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 6 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. ആറു പേരിൽ നിന്ന് മൂന്ന് പേർ തെരഞ്ഞെടുപ്പിൽ വിജയിച്ചു. 93 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്കായിരുന്നു വോട്ടവകാശം.
കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പിൽ 20 വോട്ടുമായി രണ്ടാമതായാണ് ഇദ്ദേഹം ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് വിജയിച്ചത്. ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളി കൂടിയാണ് പാലക്കാട് പട്ടാമ്പി സ്വദേശിയായ സുമോദ്. ആഫ്രിക്കൻ രാജ്യമായ ബോട്‌സ്വാനയിൽ നിന്നാണ് സുമോദ് നാമനിർദേശം ചെയ്യപ്പെട്ടത്.
1997 മുതൽ ബോട്‌സ്വാന ക്രിക്കറ്റ് അസോസിയേഷൻ അംഗമായ ഇദ്ദേഹം നിലവിൽ ബോട്‌സ്വാന ക്രിക്കറ്റ് അസോസിയേഷന്റെ സെക്രട്ടറിയാണ്. ആഫ്രിക്ക ക്രിക്കറ്റ് അസോസിയേഷനിൽ സജീവ നേതൃത്വം വഹിച്ചിട്ടുള്ള സുമോദ് ടൂർണമെന്റ് ഡയറക്ടറായും ഫിനാൻസ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി ശ്രീശൈലത്തിൽ ലക്ഷ്മി മോഹൻ ആണ് സുമോദിന്റെ ഭാര്യ. സിദ്ധാർത്ഥ് ദാമോദർ, ചന്ദ്രശേഖർ ദാമോദർ എന്നിവരാണ് മക്കൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here