2024-ലെ ഐസിസി പുരുഷ ടെസ്റ്റ് ക്രിക്കറ്ററായി ജസ്പ്രീത് ബുംറ

ഐസിസി ‘പുരുഷ ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍’ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയെ തെരഞ്ഞെടുത്തു. നട്ടെല്ലിന് പരിക്കേറ്റതിനെത്തുടര്‍ന്ന് നീണ്ട വിശ്രമത്തിന് ശേഷം, 2023 അവസാനത്തിലാണ് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. തുടര്‍ന്ന് 2024-ല്‍ അവിശ്വസനീയമായ പ്രകടനമാണ് താരം നടത്തിയതെന്ന് ഐസിസി വിലയിരുത്തി. തകര്‍പ്പന്‍ വിക്കറ്റുകള്‍ നേടിയതിനൊപ്പം നിരവധി റെക്കാര്‍ഡുകളും ബുംറ സ്വന്തം പേരിലാക്കി. ഇംഗ്ലണ്ടിനും ബംഗ്ലാദേശിനുമെതിരെ ഇന്ത്യ നേടിയ പരമ്പര വിജയങ്ങളിലും ദക്ഷിണാഫ്രിക്കയിലും ഓസ്ട്രേലിയയിലും നടന്ന എവേ മത്സരങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തുന്നതിലും ജസ്പ്രീത് ബുംറ നിര്‍ണായക പങ്ക് വഹിച്ചു.
2024-ല്‍ 71 വിക്കറ്റുകളെടുത്ത താരം ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായി. ഇംഗ്ലണ്ടിന്റെ ഗസ് അറ്റ്കിന്‍സണ്‍ ആണ് ബുംറക്ക് പിന്നിലായുള്ളത്. 2024-ല്‍ ബുംറ 357 ഓവര്‍ ബൗള്‍ ചെയ്തപ്പോള്‍ 2.96 എന്ന അസാധാരണമായ ഇക്കോണമി നിലനിര്‍ത്തിയതായും ഐസിസി വിലയിരുത്തി. രവിചന്ദ്രന്‍ അശ്വിന്‍, അനില്‍ കുംബ്ലെ, കപില്‍ ദേവ് തുടങ്ങിയ ഇതിഹാസങ്ങള്‍ക്കൊപ്പം ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 70 ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ ബൗളറായി ജസ്പ്രീത് ബുംറ മാറി.
Story Highlights: Jasprit Bumrah ICC Men Test Cricketer of the Year 2024
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here