കുട്ടികളുടെ സൗജന്യ വിസ നിയമം യുഎഇ സർക്കാർ പ്രാബല്യത്തിലാക്കി

കുട്ടികളുടെ സൗജന്യ വിസ നിയമം യുഎഇ സർക്കാർ പ്രാബല്യത്തിലാക്കി. പതിനെട്ട് വയസുവരെ പ്രായമുള്ള കുട്ടികൾക്കാണ് സൗജന്യ സന്ദർശന വിസ അനുവദിക്കുയെന്ന് യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
കഴിഞ്ഞവർഷം യുഎഇ സർക്കാർ എടുത്ത തീരുമാനമാണ് ഈ ജൂലൈ 15 നടപ്പിലാക്കിയത്. സെപ്റ്റംബർ 15 വരെയാണ് 18 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് സൗജന്യവിസ അനുവദിക്കുന്നത്. എല്ലാ വർഷവും ഈ കാലയളവിൽ ഇത്തരത്തിൽ കുട്ടികൾക്ക് വിസ അനുവദിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കുട്ടികളോടൊപ്പം മാതാപിതാക്കളിൽ ഒരാൾ എങ്കിലും ഉണ്ടാവണമെന്ന് നിയമത്തിൽ പ്രത്യേകം വ്യവസ്ഥ ചെയ്യുന്നു. കുട്ടികളോടൊപ്പം വരുന്ന രക്ഷിതാവിന് 30 ദിവസത്തേയ്ക്ക് മൾട്ടി എൻട്രി സന്ദർശന വിസയ്ക്ക് 917 ദിർഹവും 14 ദിവസത്തേക്കുള്ള എക്‌സ്പ്രസ് സന്ദർശന വിസയ്ക്ക് 497 ദിർഹവുമായിരിക്കും ഫീസ് ഈടാക്കുക. കൂടുതൽ വിനോദ സഞ്ചാരികളെ യുഎഇയിലേക്ക് ആകർഷിക്കുക എന്നതാണ് സർക്കാരിന്റെ ഈ തീരുമാനത്തിന് പിന്നിൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here