ഏതൊക്കെ പൊലീസുകാരാണ് ശബരിമലയിൽ വിവരങ്ങൾ ചോർത്തിക്കൊടുത്തതെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്ന് ചെന്നിത്തല

ശബരിമലയിൽ ഏതൊക്കെ പൊലീസുകാരാണ് വർഗീയ ശക്തികൾക്ക് വിവരങ്ങൾ ചോർത്തി നൽകിയതെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിന്റെ പേരിൽ ഏതെങ്കിലും ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പൊലീസിനെ നിയന്ത്രിക്കാൻ താൻ അശക്തനാണെന്ന് തെളിയിക്കുന്നതാണ് പൊലീസ് യോഗത്തിലെ മുഖ്യമന്ത്രിയുടെ തുറന്നു പറച്ചിൽ. മുഖ്യമന്ത്രിക്ക് പോലും വിശ്വാസമില്ലാത്ത പൊലീസ് സംസ്ഥാനത്തെ കേസുകൾ അന്വേഷിച്ചാൽ എങ്ങനെ തെളിയാനാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
പൊലീസിൽ എന്ത് നടക്കുന്നുവെന്ന് പോലും അറിയാത്ത പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനത്തും ആഭ്യന്തരവകുപ്പ് ചുമതലയിലും തുടരാൻ യോഗ്യതയില്ല. മാർക്‌സിസ്റ്റ് പാർട്ടിയുടെ സേനയായി പൊലീസിനെ മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. മധ്യപ്രദേശിലെ വ്യാപം അഴിമതിയേക്കാൾ വലിയ അഴിമതിയാണ് കേരളത്തിൽ പിഎസ്‌സിയിലും കേരള സർവകലാശാലയിലും നടക്കുന്നത്. എസ്എഫ്‌ഐക്കാരെ പേടിച്ച് കഴിയുന്ന അധ്യാപകരാണ് കേരളത്തിലുള്ളത്. പ്രതിയുടെ വീട്ടിൽ നിന്ന് ഉത്തരക്കടലാസുകൾ കണ്ടെടുത്ത സംഭവം ഗൗരവമുള്ളതാണ്. ഇതിന് ചില അധ്യാപകരുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. ഇതേപ്പറ്റി സിബിഐ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here