കർണാടക പ്രതിസന്ധി; സുപ്രീംകോടതിയുടെ നിർണായക വിധി ഇന്ന്

കർണാടകയിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കേ സുപ്രീംകോടതിയുടെ നിർണായക വിധി ഇന്ന്. രാജി സ്വീകരിക്കാൻ സ്പീക്കർക്ക് നിർദേശം നൽകണമെന്ന പതിനഞ്ച് വിമത എംഎൽഎമാരുടെ ആവശ്യത്തിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധി പറയുന്നത്. രാജിക്കാര്യത്തിലും അയോഗ്യതാ നടപടിയിലും സുപ്രീംകോടതി നിർദേശം നിർണായകമാകും.
അയോഗ്യതയിലും രാജിക്കത്തിലും സ്പീക്കർ എന്തു തീരുമാനമെടുക്കണമെന്ന് നിർദേശിക്കാൻ കോടതിക്ക് കഴിയില്ലെന്ന് ഇന്നലെ തന്നെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് വ്യക്തമാക്കിയിരുന്നു. എന്നാൽ, തീരുമാനമെടുക്കാൻ സ്പീക്കറുടെ ഭാഗത്ത് നിന്നുണ്ടാകുന്ന കാലതാമസത്തെ ചോദ്യം ചെയ്തത് ശ്രദ്ധേയമാണ്. അയോഗ്യതയിലും രാജിക്കത്തിലും തൽസ്ഥിതി തുടർന്നാൽ വിശ്വാസ വോട്ടെടുപ്പിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി കുമാരസ്വാമി കോടതിയെ അറിയിച്ചിട്ടുണ്ട്. തൽസ്ഥിതി ഉത്തരവ് പിൻവലിച്ചു കൊണ്ട് കൃത്യമായ ഉത്തരവ് കോടതിയിൽ നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷ.
അയോഗ്യരാക്കാനാണ് സ്പീക്കറുടെ ശ്രമമെന്ന വിമത എം.എൽ.എമാരുടെ വാദവും അയോഗ്യത മറികടക്കാനാണ് എം.എൽ.എമാരുടെ ശ്രമമെന്ന സ്പീക്കറുടെ നിലപാടും ഒരുപോലെ ബലമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. അതുകൊണ്ടു തന്നെ ഏറെ ജാഗ്രതയോടെയാകും മൂന്നംഗ ബെഞ്ച് ഒരു തീരുമാനത്തിലെത്തുക. അയോഗ്യതയിലും രാജിക്കത്തുകളിലും ഇന്ന് തീരുമാനമെടുക്കാമെന്ന് സ്പീക്കർ തന്നെ അറിയിച്ച സ്ഥിതിക്ക് കോടതിയുടെ ഉത്തരവിനായി കാത്തിരിക്കുകയാണ് കർണാടക രാഷ്ട്രീയം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here