യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമം; അഖിലിനെ കുത്തിയ കത്തി കോളേജിലുണ്ടെന്ന് പ്രതി ശിവരഞ്ജിത്ത്

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷത്തിൽ അഖിലിനെ കുത്താൻ ഉപയോഗിച്ച കത്തി കോളേജിലുണ്ടെന്ന് ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ മൊഴി. കത്തി കോളേജിൽ ഒളിപ്പിച്ചിട്ടുണ്ടെന്നാണ് ചോദ്യം ചെയ്യലിൽ ശിവരഞ്ജിത്ത് പൊലീസിനോട് പറഞ്ഞത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഘർഷത്തിനിടെ മൂന്നാം വർഷബിരുദ വിദ്യാർത്ഥി അഖിലിനെ കുത്തിയ കേസിലെ ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. മൂന്ന് ദിവസത്തേക്കാണ് ഇരുവരെയും കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
അതേ സമയം സംഘർഷത്തിനിടെ തന്നെ കുത്തിയത് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണെന്ന് കുത്തേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള അഖിൽ ഇന്ന് പൊലീസിന് മൊഴി നൽകിയിരുന്നു. യൂണിറ്റ് സെക്രട്ടറി നസീം തന്നെ പിടിച്ചു നിർത്തിക്കൊടുത്തെന്നും ശിവരഞ്ജിത്ത് കുത്തിയെന്നുമാണ് അഖിൽ മൊഴി നൽകിയിരിക്കുന്നത്. ഇരുവർക്കും തന്നോട് മുൻവൈരാഗ്യമുണ്ടായിരുന്നെന്നും അഖിലിന്റെ മൊഴിയിലുണ്ട്.
Read Also; പരിക്ക് ഗുരുതരം; അഖിലിനു മരണം സംഭവിക്കാമായിരുന്നുവെന്ന് ഡോക്ടർമാർ
തന്നോട് പാട്ടുപാടരുതെന്നും ക്ലാസിൽ പോകണമെന്നും യൂണിറ്റ് കമ്മിറ്റിയിലെ ചിലർ ആവശ്യപ്പെട്ടിരുന്നു. യൂണിറ്റ് കമ്മിറ്റിയുടെ നിർദേശം അനുസരിക്കാത്തതിന് തനിക്കെതിരെ വിരോധമുണ്ടായിരുന്നെന്നും അഖിൽ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന അഖിലിന്റെ ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിലാണ് അന്വേഷണ സംഘം ഇന്ന് മൊഴിയെടുക്കാനെത്തിയത്. തന്നെ കുത്തിയത് ശിവരഞ്ജിത്താണെന്ന് അഖിൽ നേരത്തെ ഡോക്ടർക്ക് മൊഴി നൽകിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here