കുടിശിക തുക കൊടുത്തുതീർക്കാൻ കിഫ്ബി; വൈറ്റില മേൽപ്പാലത്തിന്റെ നിർമാണം നാളെ പുനഃരാരംഭിക്കും

നിർമാണ കുടിശിക മുടങ്ങിയതിനാൽ നിർത്തിവച്ച വൈറ്റില മേൽപ്പാലത്തിന്റെ നിർമാണം നാളെ പുനരാരംഭിക്കും. കുടിശിക തുക കൊടുത്തു തീർക്കാൻ കിഫ്ബി തയ്യാറായതിനെ തുടർന്നാണ് തീരുമാനം. പുതുക്കിയ കരാറും കിഫ്ബി അംഗീകരിച്ചു. നിർമാണം നാളെ പുനരാരംഭിക്കുമെന്ന് കരാറുകാരായ ശ്രീധന്യ കൺസ്ട്രക്ഷൻസ് ട്വന്റിഫോറിനോട് പറഞ്ഞു.

പുതുക്കിയ കരാറിന് എട്ടു മാസമായി കിഫ്ബി അനുമതി നൽകാത്തതിനെ തുടർന്നാണ് വൈറ്റില മേൽപ്പാലത്തിന്റെ നിർമാണം നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. കരാറുകാരായ ശ്രീധന്യ കൺസ്ട്രക്ഷൻസിന് നൽകാനുള്ള 13 കോടി രൂപ കുടിശിക തുകയും അനുവദിച്ചില്ല. നിർമാണം നിർത്തിവെച്ചതായുളള വിവരം ലഭിച്ചതോടെ കിഫ്ബി അടിയന്തരമായി തുക അനുവദിക്കാൻ തീരുമാനിച്ചു. പാലത്തിന്റെ ഘടനയിൽ ഉൾപ്പെടെ മാറ്റം വരുത്തിയ കരാറിനും അംഗീകാരം നൽകി. 78.36 കോടി രൂപയായിരുന്ന കരാർ തുക 84 കോടിയായി പുതുക്കി നിശ്ചയിച്ചു. ഇതോടെ രാവിലെ തന്നെ നിർമാണം പുനരാരംഭിക്കുമെന്ന് കരാറുകാരായ ശ്രീധന്യ കൺസ്ട്രക്ഷൻസ് ഉടമ ചന്ദ്രബാബു പറഞ്ഞു.

വൈറ്റിലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം ലക്ഷ്യമിട്ട് 2017 നവംബർ 25നാണ് മേൽപ്പാലം നിർമാണം ആരംഭിച്ചത്. ഒന്നര വർഷത്തിനുള്ളിൽ 70 ശതമാനത്തോളം നിർമാണം പൂർത്തിയായിട്ടുണ്ട്. നിർമാണം പൂർത്തിയാക്കി ഡിസംബറിൽ ഗതാഗതത്തിനായി പാലം തുറന്നുകൊടുക്കുമെന്നാണ് കരാറുകാരുടെ ഉറപ്പ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top