കുൽഭൂഷൺ കേസിൽ വിചാരണ തുടരുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിന് വധശിക്ഷ വിധിച്ച കേസ് നിയമപരമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കേസിൽ വിചാരണ തുടരും. കേസ് റദ്ദക്കണമെന്നോ ജാദവിനെ മോചിപ്പിച്ച് തിരിച്ചയക്കണോ എന്ന് വിധിക്കാതിരുന്നതിൽ കോടതിയെ അഭിനന്ദിക്കുന്നു. ഇന്ത്യയിലെ മുൻ ഓഫീസർ പാകിസ്ഥാനിലെ ജനങ്ങൾക്കെതിരെ ക്രിമിനൽ കുറ്റം ചെയ്ത ആളാണെന്നും ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തിരുന്നു.
കുൽഭൂഷൺ ജാദവിന് പാക്കിസ്ഥാനിലെ സൈനിക കോടതി വിധിച്ച വധശിക്ഷ ഹേഗിലെ അന്താരാഷ്ട്ര കോടതി ഇന്നലെ സ്‌റ്റേ ചെയ്തിരുന്നു. പാക്കിസ്ഥാനോട് ശിക്ഷാവിധി പുനഃപരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. പാക്കിസ്ഥാൻ വിയന്ന കരാർ ലംഘിച്ചെന്ന് കോടതി വിലയിരുത്തി. ന്യായമായ വിചാരണ ഉറപ്പാക്കണമെന്നും കുൽഭൂഷൺ ജാദവിന് ആവശ്യമായ നയതന്ത്രസഹായം ഇന്ത്യക്ക് നൽകാമെന്നും കോടതി വ്യക്തമാക്കി. 16 ജഡ്ജിമാരിൽ 15 പേരും ഇന്ത്യക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഹരീഷ് സാൽവെയാണ് ഇന്ത്യക്ക് വേണ്ടി വാദിച്ചത്.
ഇന്ത്യൻ നാവിക സേനയിൽ നിന്നും വിരമിച്ച 49 കാരനായ കുൽഭൂഷണെ ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് 2016 മാർച്ചിൽ ഇറാനിൽ നിന്നാണ് പാക്കിസ്ഥാൻ പിടികൂടിയത്. തുടർന്ന് വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. ചാരവൃത്തിക്കും ഭീകരവാദത്തിനുമാണ് വധശിക്ഷ വിധിച്ചത്. രഹസ്യ വിചാരണയ്ക്ക് ശേഷം 2017 ഏപ്രിലിലാണ് ജാദവിനെ തൂക്കിക്കൊല്ലാൻ കോടതി വിധിച്ചത്.
ഇത് വിയന്ന കരാറിന്റെ ലംഘനമാണെന്ന സുപ്രധാനമായ വാദം ഉയർത്തി മെയ് മാസത്തിൽ തന്നെ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു. മെയ് 15നാണ് അന്താരാഷ്ട്ര കോടതിയിൽ വാദം ആരംഭിച്ചത്. കുൽഭൂഷൺ ജാദവ് ഇന്ത്യയുടെ ചാരനാണെന്നും അദ്ദേഹത്തിന് വിയന്ന കരാറിന്റെ പരിരക്ഷ ലഭിക്കില്ലെന്നുമായിരുന്നു അന്താരാഷ്ട്ര കോടതിയിൽ പാക്കിസ്ഥാന്റെ വാദം. കെട്ടിച്ചമച്ച കഥകളാണ് പാക്കിസ്ഥാൻ സമർപ്പിച്ചതെന്ന് ഇന്ത്യയും വാദിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here