ഐസിസി അംഗത്വം റദ്ദാക്കി; സിംബാബ്‌വെ ക്രിക്കറ്റിനു വമ്പൻ തിരിച്ചടി

സിംബാബ്‌വെ ക്രിക്കറ്റിൻ്റെ അംഗത്വം ഐസിസി റദ്ദാക്കി. ഇനിയുള്ള ഐസിസി ടൂർണമെൻ്റുകളിൽ സിംബാബ്‌വെയ്ക്ക് കളിക്കാനാവില്ല. ലണ്ടനില്‍ നടന്ന ഐസിസിയുടെ വാര്‍ഷിക യോഗത്തിലാണ് തീരുമാനമെടുത്തത്.
ഐസിസിയുടെ നിയമപ്രകാരം ഓരോ രാജ്യത്തേയും ക്രിക്കറ്റ് ബോര്‍ഡുകള്‍ സ്വതന്ത്രമായിട്ടാണ് മുന്നോട്ടുപോവേണ്ടത്. എന്നാല്‍ സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡിലേക്കുള്ള തെരഞ്ഞെടുപ്പ് ജനാധിപത്യപരമല്ലെന്നാണ് ഐസിസിയുടെ കണ്ടെത്തല്‍. ക്രിക്കറ്റ് ബോര്‍ഡില്‍ സിംബാബ്‌വെ സര്‍ക്കാര്‍ അനാവശ്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും ഐസിസി വ്യക്തമാക്കി. വിലക്ക് വരുന്നതോടെ രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡിനുള്ള ഐസിസിയുടെ എല്ലാ സഹായങ്ങളും നിര്‍ത്തലാവും.
ക്രിക്കറ്റ് ബോര്‍ഡില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകരുതെന്നാണ് ഐസിസിയുടെ നിലപാട്. ഇതിന്റെ ലംഘനമാണ് സിംബാബ്‌വെയില്‍ നടന്നത്. ഇത്തരം പ്രവണകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. സിംബാബ്‌വെയില്‍ ക്രിക്കറ്റ് തുടരണമെന്ന് തന്നെയാണ് ഐസിസിയുടെ ആഗ്രഹം. എന്നാല്‍ അത് നിയമങ്ങള്‍ അനുസരിച്ചായിരിക്കണമെന്ന് ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍ വ്യക്തമാക്കി. മൂന്ന് മാസത്തിനകം ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും ഐസിസി നിര്‍ദേശിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here