Advertisement

എറണാകുളം അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് വൈദികര്‍ നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിച്ചു

July 20, 2019
Google News 0 minutes Read

എറണാകുളം അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് വൈദികര്‍ നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിച്ചു. വൈദികരുമായി സ്ഥിരം സിനഡ് പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. ആവശ്യങ്ങള്‍ സഭയുടെ സമ്പൂര്‍ണ സിനഡ് ചര്‍ച്ച ചെയ്യുമെന്ന ഉറപ്പ് ലഭിച്ചതായി വൈദികര്‍ പ്രതികരിച്ചു.

എറണാകുളംഅങ്കമാലി അതിരൂപതയിലെ വൈദികര്‍ ബിഷപ്‌ ഹൗസില്‍ മൂന്ന് ദിവസമായി നടത്തിവന്ന ഉപവാസ സമരമാണ് അവസാനിപ്പിച്ചത്. സിറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡ് പ്രതിനിധികള്‍ ഇന്നലെ രാത്രി നടത്തിയ മാരത്തോണ്‍ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ഫാദര്‍ ജോസഫ് പാറേക്കാട്ടില്‍ ഉപവാസ സമരം അവസാനിപ്പിച്ചത്.

ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വൈദികര്‍ക്ക് ഉറപ്പുകള്‍ എഴുതി നല്‍കി. സഹായ മെത്രാന്മാരുടെ സസ്‌പെന്‍ഷനെതിരായ വൈദികരുടെ വികാരം ചര്‍ച്ച ചെയ്യും. വ്യാജരേഖാ കേസില്‍ പ്രകോപനപരമായ നടപടികള്‍ ഒഴിക്കാന്‍ ബന്ധപ്പെട്ടവരോട് അഭ്യര്‍ഥിക്കും. അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള മെത്രാനെ നിയമിക്കാന്‍ സിനഡിനോട് ശുപാര്‍ശ ചെയ്യും. അടുത്തമാസം ചേരുന്ന സമ്പൂര്‍ണ
സിനഡില്‍ വൈദികരുടെ മറ്റ് പരാതികള്‍ ചര്‍ച്ച ചെയ്യും.

പ്രതിഷേധം അവസാനിപ്പിക്കാന്‍ സമരം ചെയ്യുന്നവരുടെ പ്രതിനിധികളായ 9 വൈദികരുമായി സ്ഥിരം സിനഡ് പ്രതിനിധിയും തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഇന്നലെ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. തുടര്‍ന്ന് ഇന്ന് വീണ്ടും മധ്യസ്ഥ ശ്രമം നടത്തിയതോടെയാണ് സമരത്തില്‍ നിന്ന് വൈദികര്‍ പിന്മാറിയത്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ അതിരൂപതയുടെ ചുമതലയില്‍ നിന്ന് മാറ്റുക, ഓഗസ്റ്റില്‍ നടക്കുന്ന മെത്രാന്‍ സിനഡിന്റെ അധ്യക്ഷസ്ഥാനത്ത് നിന്ന് ആലഞ്ചേരിയെ മാറ്റിനിര്‍ത്തുക, സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സഹായമെത്രാന്മാരെ പൂര്‍ണ്ണചുമതലയോടെ തിരിച്ചെടുക്കുക തുടങ്ങിയ വൈദികരുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here