വിഴിഞ്ഞത്തു നിന്നും കാണാതായ മത്സ്യ തൊഴിലാളികളെ കണ്ടെത്താൻ സർക്കാർ നടപടിയില്ലെന്നാരോപിച്ച് പ്രതിഷേധം

വിഴിഞ്ഞത്തു നിന്നും നീണ്ടകരയിൽ നിന്നും കാണാതായ മത്സ്യ തൊഴിലാളികൾക്ക് വേണ്ടി ഇന്നും തിരച്ചിൽ തുടരും. മത്സ്യ തൊഴിലാളികളെ കണ്ടെത്താൻ സർക്കാർ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് തീരവാസികൾ പ്രതിഷേധിക്കുകയാണ്. കാണാതായവരെ തേടി മത്സ്യ തൊഴിലാളികൾ തന്നെ തിരച്ചിലിനിറങ്ങി.
ദിവസങ്ങൾ മുൻപാണ് ഏഴ് മത്സ്യ തൊഴിലാളികളെ കടലിൽ കാണാതായത്. സംഭവം നടന്ന് ദിവസങ്ങൾ കഴിയുമ്പോളും കാണാതായവർക്ക് വേണ്ടി സർക്കാർ ഒന്നും ചെയ്തില്ലെന്ന് തീരവാസികൾ ആരോപിക്കുന്നു. എന്തെങ്കിലും അപകടം സംഭവിച്ച ശേഷം മാത്രമാണ് സർക്കാർ വിഷയത്തിൽ ഇടപെടുന്നത്. മൃതദേഹം കിട്ടിയാൽ റീത്തുവെയ്ക്കാൻ മാത്രം മന്ത്രിമാരും ജനപ്രതിനിധികളും എത്തും. അത്തരത്തിലുള്ള ജനപ്രതിനിധികളെ തങ്ങൾക്ക് വേണ്ടെന്നും അവർ പറയുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്.
അതേസമയം, കടൽക്ഷോഭം രൂക്ഷമായതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽപ്പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയുള്ള കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. കനത്ത മഴയെത്തുടർന്ന് അരുവിക്കര ഡാമിന്റെ ഷട്ടർ തുറന്നു. കരമനയാറ്റിൽ ജലനിരപ്പ് ഉയരുന്നതിനാൽ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജലഅതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here