പിഎസ്‌സിയെ തകർക്കാൻ നടക്കുന്ന ഗൂഢ നീക്കം അനുവദിക്കില്ല: ഡിവൈഎഫ്‌ഐ

പിഎസ്‌സിയുടെ വിശ്വാസ്യത തകർക്കാൻ സംസ്ഥാനത്ത് വൻ ഗൂഢാലോചന നടക്കുകയാണെന്ന് ഡിവൈഎഫ്‌ഐ. കോൺഗ്രസിന്റെ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ ഈ ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകുകയാണ്. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നേതൃത്വത്തിൽ കാൽലക്ഷത്തോളം പുതിയ തസ്തികകൾ ഇതിനകം സൃഷ്ടിച്ചു കഴിഞ്ഞുവെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു.
ഒന്നര ലക്ഷത്തോളം നിയമനങ്ങളാണ് ഇടതുപക്ഷ സർക്കാർ അധികാരത്തിലേറി ഇതിനകം നൽകി കഴിഞ്ഞത്. ഈ പ്രവർത്തനത്തെ അട്ടിമറിക്കുന്നതിനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് പിഎസ്‌സിയ്‌ക്കെതിരായ വ്യാജപ്രചരണങ്ങൾക്ക് പിന്നിൽ. സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യത തകർക്കുന്നത് നീചമായ രാഷ്ട്രീയ സംസ്‌കാരമാണ്. വാട്‌സ്ആപ്പ് വഴി ആരംഭിച്ച വ്യാജ പ്രചരണങ്ങളിലൂടെയായിരുന്നു തുടക്കം. അജ്ഞാത കേന്ദ്രങ്ങളിൽ നിന്നുമാരംഭിച്ച ഈ വ്യാജ പ്രചരണങ്ങൾ പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും ആവർത്തിക്കുകയായിരുന്നുവെന്നും ഡിവൈഎഫ്‌ഐ ആരോപിക്കുന്നു.
ഉയർന്ന ആരോപണങ്ങളുടെ മുനയൊടിച്ച് പിഎസ്‌സി ചെയർമാൻ തന്നെ വസ്തുതാപരമായി കാര്യങ്ങൾ വിശദീകരിച്ചതാണ്. ആരോപണ വിധേയരായവരുടെ ഫലം തടഞ്ഞു വയ്ക്കുമെന്നും പിഎസ്‌സി വിജിലൻസിന്റെ അന്തിമ അന്വഷണ റിപ്പോർട്ടിന് ശേഷം മാത്രമേ തുടർ നടപടി ഉണ്ടാവുകയുള്ളൂ എന്നും പിഎസ്‌സി വ്യക്തമാക്കി. എന്നാൽ പിഎസ്‌സിയ്‌ക്കെതിരെ ബാലിശമായ ആരോപണങ്ങളുയർത്തി പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ തെരുവ് യുദ്ധം നടത്തുകയാണ്. ആരോപണ വിധേയർ ഉൾപ്പെട്ട പൊലീസ് റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം ആ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ആയിരക്കണക്കിന് ഉദ്യോഗാർഥികളോടുള്ള വെല്ലുവിളിയാണെന്നും ഡിവൈഎഫ്‌ഐ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here