‘റായുഡുവിന്റെ ത്രീഡി ട്വീറ്റ് ഞാൻ ആസ്വദിച്ചിരുന്നു’; ചീഫ് സെലക്ടർ എംഎസ്കെ പ്രസാദ്

റായുഡുവിൻ്റെ ത്രീഡി ട്വീറ്റ് താൻ ആസ്വദിച്ചിരുന്നുവെന്ന് ഇന്ത്യൻ ടീം സെലക്ടർ എംഎസ്കെ പ്രസാദ്. വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുന്നതിനിടെയാണ് പ്രസാദ് ട്വീറ്റിനെപ്പറ്റി സൂചിപ്പിച്ചത്. നാലാം നമ്പറിലെ അനിശ്ചിതത്വം ഇന്ത്യയുടെ ലോകകപ്പ് സാധ്യതകളെ ബാധിച്ചോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നുഅദ്ദേഹം.
“സത്യം പറഞ്ഞാൽ, അത് വളരെ മനോഹരമായ ഒരു ട്വീറ്റായിരുന്നു. ശരിക്കും, അത് കൃത്യമായ ഒന്നായിരുന്നു. (ടീമിൽ ഇല്ല എന്ന) ആ വാർത്ത അദ്ദേഹത്തെ എത്രത്തോളം വിഷമിപ്പിച്ചു എന്നറിയില്ല. പക്ഷേ, ട്വീറ്റ് ഞാൻ ശരിക്കും ആസ്വദിച്ചു.”- അദ്ദേഹം പറഞ്ഞു.
ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ നാലാം നമ്പർ ബാറ്റ്സ്മാനായി അമ്പാട്ടി റായുഡു ഏറെക്കുറെ ഉറപ്പിച്ചിരിക്കെയാണ് അദ്ദേഹത്തെ തഴഞ്ഞ് അപ്രതീക്ഷിതമായി വിജയ് ശങ്കറിനെ സെലക്ടർമാർ ടീമിൽ ഉൾപ്പെടുത്തിയത്. ത്രീ ഡയമൻഷണൽ (ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ്) കളിക്കാരൻ എന്ന് വിശേഷിപ്പിച്ചാണ് ശങ്കറിനെ സെലക്ടർമാർ ടീമിലെടുത്തത്. ഇതേ തുടർന്നായിരുന്നു റായുഡുവിൻ്റെ ട്വീറ്റ്. ‘ലോകകപ്പ് കാണാൻ ഞാൻ ഒരു ജോഡി ത്രീഡി ഗ്ലാസുകൾ ഓർഡർ ചെയ്തിട്ടുണ്ടെ’ന്നായിരുന്നു ട്വീറ്റ്.
ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനോട് പരാജയപ്പെട്ടിരുന്നു. നാലാം നമ്പറിൽ വിജയ് ശങ്കർ പരാജയപ്പെട്ടതിനെത്തുടർന്ന് അവസാന മത്സരങ്ങളിൽ ഋഷഭ് പന്താണ് കളിച്ചത്. ശങ്കർ പരിക്കേറ്റ് പുറത്തായിട്ടും തന്നെ ടീമിലേക്ക് പരിഗണിക്കാത്തതിൽ നിരാശനായി റായുഡു കളി മതിയാക്കിയിരുന്നു. ശങ്കറിനു പകരം ഒരു ഏകദിന മത്സരം പോലും കളിക്കാതിരുന്ന മായങ്ക് അഗർവാളിനെയാണ് ടീമിൽ ഉൾപ്പെടുത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here