കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലേർട്ട്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലേർട്ട്. കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കേരള തീരത്ത് 4.3 മീറ്റർ ഉയരത്തിൽ തിലമാലകൾ ഉയരാൻ സാധ്യത. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന മുന്നറിയിപ്പ്. സംസ്ഥാനത്തെ തീരമേഖലകളിൽ കടലാക്രമണവും പ്രതിഷേധവും കനക്കുന്നു. 1142 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ ക്കഴിയുകയാണ് .
കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലേർട്ടും എറണാകുളം, ഇടുക്കി, തൃശ്ശൂർ,മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.
Read Also : കാസർഗോഡ് ജില്ലയിൽ ചൊവ്വാഴ്ചയും റെഡ് അലേർട്ട്
പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണം.റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു.സർവ്വകലാശാല പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
കോഴിക്കോട് ,വയനാട് ജില്ലകളിൽ കളക്ടർമാരുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. കേരള തീരത്ത് നാലര മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും കടൽ പ്രക്ഷുബ്ധമാകാനുമുള്ള സാധ്യയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ തീരമേഖലകളിൽ കടലാക്രമണം രൂക്ഷമായി തുടരുകയാണ്. പലയിടത്തും വീടുകളും തീരങ്ങളും കടലെടുത്തു. സർക്കാർ സംവിധാനങ്ങൾ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാരോപിച്ച് കടുത്ത പ്രതിഷേധമാണ് പ്രദേശവാസികൾ ഉയർത്തുന്നത്. സംസ്ഥാനത്ത് ഇതുവരെ 17 ദുരിതാാശ്വാസ ക്യാമ്പുകളിലായി 143 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here